“റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിനു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സംസാരിച്ചപ്പോള്‍ ശ്രീ എന്നോട് പറഞ്ഞു ‘ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണ് തട്ടും’ എന്ന്. ‘നിങ്ങള്‍ എനിക്കായി അത് ചെയ്തു തരുമോ’ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ‘അതിനെന്താ… വരൂ’ എന്നവര്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഉഴിഞ്ഞിടാം എന്നായിരുന്നു ധാരണ. ഇനി ഇതൊരിക്കലും നടക്കില്ല എന്നാലോചിക്കുമ്പോള്‍ ഉണ്ടാകുന്ന നടുക്കത്തില്‍ മനസു മരവിച്ചു പോകുന്നു.”

അന്തരിച്ച നടി ശ്രീദേവിയുമായുള്ള അവസാന സംഭാഷണത്തെക്കുറിച്ച് ബോളിവുഡ് താരം ദീപിക പദുകോണ്‍ പറഞ്ഞ വാക്കുകളാണിവ. ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. സ്വന്തം അമ്മയെ പോലെയാണ് ശ്രീദേവിയെ കരുതിയിരുന്നതെന്നും മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ദീപികയുടെ കാര്യത്തില്‍ ശ്രീദേവി അതീവ ശ്രദ്ധാലുവായിരുന്നു എന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

Aishwarya Rai, Sridevi, Deepika Padukone and Shaimak Davar

ഐശ്വര്യാ റായ്, ശ്രീദേവി, ദീപിക പദുകോണ്‍, ഷാമാക് ദാവര്‍

“സിനിമയ്ക്കുപുറത്തുള്ള ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. ശ്രീദേവി എന്ന താരത്തെ അറിയാം, അതിനെക്കാളുമുപരി ശ്രീ എന്ന വ്യക്തിയേയും അറിയാം. അവര്‍ക്കും തിരിച്ചും അങ്ങനെ തന്നെ. ബോളിവുഡില്‍ തിരക്കുള്ള ഒരു താരമായിരുന്ന സമയത്ത് മുംബൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാളാണ് ശ്രീദേവി. ആ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവണം, എന്‍റെ എല്ലാ കാര്യങ്ങളിലും എപ്പോഴും താൽപര്യം കാണിച്ചിരുന്നു. വീട്ടില്‍ ജോലിയ്ക്ക് നില്‍ക്കുന്നവരുടെ പ്രശ്നങ്ങള്‍, ആരോഗ്യം എന്നിങ്ങനെ നിത്യവുമുള്ള വീട്ടുകാര്യങ്ങളില്‍ പോലും ഉപദേശങ്ങള്‍ തരുമായിരുന്നു. അമ്മയെപ്പോലെ തന്നെയാണ് കരുതിയിരുന്നത്.”, ദീപിക ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിനോട് വെളിപ്പെടുത്തി.

ഫെബ്രുവരി 24നാണ് ദുബായിലെ ഒരു ഹോട്ടലിന്‍റെ ബാത്ത് ടബ്ബില്‍ വീണായിരുന്നു ഇന്ത്യയുടെ പ്രിയ താരം ശ്രീദേവിയുടെ അപകട മരണം. ശ്രീദേവിയുടെ മരണ വാര്‍ത്തയറിഞ്ഞ് ബെംഗളൂരുവിൽ നിന്നും ദീപിക മുംബൈയിലെ അനില്‍ കപൂറിന്‍റെ വസതിയില്‍ എത്തിയിരുന്നു. ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയില്‍ എത്തിച്ചതിനു ശേഷം നടന്ന പ്രാര്‍ത്ഥനാ യോഗത്തിലും ദീപിക പങ്കെടുത്തിരുന്നു.

Deepika Padukone at Sridevi's Funeral

ശ്രീദേവിയുടെ മരണാനന്തര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തുന്ന ദീപിക പദുകോണ്‍

രണ്ടു കാലഘട്ടങ്ങളിലായി ബോളിവുഡിലെ താര റാണികളായ ഇരുവരും തെന്നിന്ത്യന്‍ സ്വദേശികളാണ്. സ്വപ്രയത്നം കൊണ്ട് മാത്രം ഹിന്ദി സിനിമാ ലോകത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവര്‍.

ഈയടുത്ത് ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടിക ടൈം മാഗസിന്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ ദീപിക പദുകോണ്‍ ആയിരുന്നു.

ദീപിക നായികയായ ‘പത്മാവത്’ വലിയ വിജയം നേടിയിരുന്നു. അതിനു ശേഷം ബോളിവുഡില്‍ അവര്‍ അഭിനയിക്കുന്ന ചിത്രം ഏതെന്നു തീരുമാനം ആയിട്ടില്ല. മാഫിയാ തലവിയായ സപ്നാ ദീദിയുടെ ജീവിതം പറയുന്ന വിശാല്‍ ഭരദ്വാജ് ചിത്രത്തില്‍ ദീപിക അഭിനയിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ അഭിനയിക്കേണ്ടിയിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ ചികിത്സാര്‍ത്ഥം ഇന്ത്യയ്ക്ക് പുറത്തു പോയത് കാരണം ചിത്രം നീട്ടി വച്ചു. ‘ദി റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ്’ എന്ന ഹോളിവുഡ് ചിത്രത്തില്‍ വിന്‍ ഡീസലിന്റെ നായികയായിരുന്ന ദീപിക ട്രിപ്പിള്‍ എക്‌സിന്റെ നാലാം ഭാഗത്തിലും നായികയാകുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ ഈ വാര്‍ത്തയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ