തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗഹരായിയാ’നിലെ കഥാപാത്രം പച്ചയായതാണെന്ന് നടി ദീപിക പദുക്കോൺ. കഥാപാത്രത്തിന് വേണ്ടി തനിക്ക് ഉള്ളിലേക്ക് തന്നെ ആഴത്തിൽ നോക്കേണ്ടി വന്നെന്നും മുൻകാല പ്രണയബന്ധങ്ങളിലെ അത്ര സുഖകരമല്ലാത്ത ചില നിമിഷങ്ങൾ പോലും ഓർത്തെടുക്കേണ്ടി വന്നെന്നും ദീപിക പറയുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചും അവ എങ്ങനെ സംവിധായകൻ ശകുൻ ബത്ര സുരക്ഷിതമാക്കിയെന്നും ദീപിക ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിൽ പറഞ്ഞു.
സംവിധായകൻ ശകുൻ ബത്ര ഒരുക്കിയ സുരക്ഷിതത്വമാണ് ഈ രംഗങ്ങൾ അഭിനയിക്കുന്നത് എളുപ്പമാക്കിയതെന്നും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് എളുപ്പമല്ലെന്നും ദീപിക പറഞ്ഞു.
“അദ്ദേഹം (ശകുൻ) ഞങ്ങൾക്കെല്ലാവർക്കും നൽകിയ ആശ്വാസമില്ലാതെ അത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെന്ന് നിങ്ങൾക്ക് തോന്നണം, കാരണം ഇന്റിമസി എളുപ്പമല്ല. ഇന്ത്യൻ സിനിമയിൽ നമ്മൾ ഇതുവരെ കണ്ടതോ അനുഭവിച്ചതോ ഒന്നുമല്ല ഈ സിനിമയിലേത്. അതിനാൽ, ആ ഒരു പാതയിൽ പോകണമെങ്കിൽ സംവിധായകൻ അത് ഒരുക്കുന്നത് കാഴ്ചക്ക് വേണ്ടിയല്ല പകരം ആ കഥാപാത്രങ്ങൾ വരുന്നത് ആ അനുഭാവങ്ങളിൽ നിന്നും യാത്രകളിലൂടെയുമായതിനാലാണെന്ന് അറിയുമ്പോൾ മാത്രമേ സാധ്യമാകൂ.”
“ഞാൻ ഇത്തരമൊരു കാര്യം മുമ്പ് ചെയ്തിട്ടില്ല എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയു. പ്രണയകഥകളും റിലേഷൻഷിപ് ഡ്രാമകളുമായ സിനിമകളുംകഥാപാത്രങ്ങളും ഒരുപാട് ഞാൻ ചെയ്തിട്ടുണ്ട്. ഗഹരായിയാനിലെ എന്റെ കഥാപാത്രം ബോൾഡ് ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതേസമയം നമ്മുടെ സിനിമകളിൽ നാം കണ്ടിട്ടുള്ള ബോൾഡ് കഥാപാത്രങ്ങൾ കാരണം ബോൾഡ് എന്ന് പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ കഥാപാത്രം ഞാൻ അഭിനയിച്ച മറ്റ് ചില കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെ പച്ചയായതാണ്, അങ്ങനെ ഞാൻ പറയൂ. വൈകാരികമായി പറയുമാകയാണെങ്കിൽ, അത് വളരെ നഗ്നമായതും ദുർബലവുമാണ്. ഇത്തരം ഒരു കഥാപാത്രം സ്ക്രീനിൽ ചെയ്യണമെങ്കിൽ അത് വളരെ ആഴത്തിൽ നിന്ന് വരണം. ഞാൻ ഇത് മുമ്പ് അനുഭവിച്ചിട്ടില്ലെന്ന് പറയാനാവില്ല. പക്ഷേ, ഇത്രയുമില്ല , ഇവിടെ എനിക്ക് എന്റെ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങുകയും ഞാൻ അനുഭവിച്ച അത്ര സുഖകരമല്ലാത്ത കാര്യങ്ങൾ ഓർത്തെടുക്കുകയും, മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതായും വന്നു.” ദീപിക പറഞ്ഞു.
Also Read: മിന്നൽ മുരളിയിൽ വില്ലനാകാൻ ആഗ്രഹിച്ചു; ഷിബുവിനേക്കാൾ വില്ലന്മാരാണ് മറ്റു കഥാപാത്രങ്ങൾ: ടൊവിനോ
ഫെബ്രുവരി 11ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ അലിഷ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. സിദ്ധാന്ത് ചതുര് വേദി, അനന്യ പാണ്ഡേ, ധൈര്യ കർവ, നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.