സഞ്ജയ് ലീല ബൻസാലി ചിത്രം “പദ്മാവത്’ വെള്ളിത്തിരയിൽ വിജയഗാഥ തുടരവെ ചര്‍ച്ചയാവുന്നത് ചിത്രത്തിലെ കഥാപാത്രങ്ങളായെത്തിയ താരങ്ങളുടെ മികച്ച പ്രകടനമാണ്. അലാവുദ്ദീന്‍ ഖില്‍ജിയായി അഭിനയിച്ച രണ്‍വീര്‍ സിംഗും റാണി പദ്മാവതിയായി വേഷമിട്ട ദീപിക പദുകോണും മഹാരവല്‍ രത്തന്‍ സിംഗ് എന്ന രജ്പുത് രാജാവായി വേഷമിട്ട ഷാഹിദ് കപൂറും പ്രേക്ഷകരുടെ പുകഴ്ത്തലിന് പാത്രമാവുകയാണ്.

ചിത്രത്തോടെ ബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടിയായാണ് ദീപിക പദുകോണ്‍ മാറിയത്. എന്നാല്‍ ചിത്രത്തില്‍ തന്നെ മറ്റാരേക്കാളും കൂടുതല്‍ പ്രതിഫലമാണ് ദീപിക കൈപറ്റിയതെന്നാണ് ബോളിവുഡില്‍ നിന്നുളള വിവരം. ഇതേ കുറിച്ചുളള ചോദ്യത്തിന് ദീപിക തന്നെ മറുപടിയും പറഞ്ഞു.

ഇന്ത്യ ടുഡെയുമായുളള അഭിമുഖത്തിലായിരുന്നു ദീപികയുടെ മറുപടി. ‘ഞാന്‍ അത്രയും പ്രതിഫലം അര്‍ഹിക്കുന്നു’ എന്നായിരുന്നു ദീപികയുടെ മറുപടി. ‘എന്നാല്‍ ഇത് എന്റെ സഹഅഭിനേതാക്കളുമായി താരതമ്യം ചെയ്ത് കൊണ്ട് പറയുന്നതല്ല. മറ്റുളളവരേക്കാള്‍ ഞാന്‍ ഇത്രയും പ്രതിഫലം അര്‍ഹിക്കുന്നു എന്നല്ല. എനിക്ക് എന്ത് കിട്ടണം എന്ന ധാരണയുടെ പുറത്താണ് ഇത്രയും പ്രതിഫലം കൈപറ്റുന്നത്’, ദീപിക പറഞ്ഞു. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് ഇതില്‍ നീരസം കാണുമോ എന്ന ചോദ്യത്തിന് ‘എനിക്ക് അറിയില്ല, എനിക്ക് കിട്ടുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

അതേസമയം ‘പത്മാവതി’നെതിരെയുള്ള പ്രതിഷേധം പിന്‍വലിക്കാന്‍ രജ്പുത് കര്‍ണി സേന ആഹ്വാനം ചെയ്തിട്ടുണ്ട്. ചിത്രം രജ്പുത് വംശത്തിന്റെ മഹത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നുവെന്നു പറഞ്ഞാണ് പ്രതിഷേധം പിന്‍വലിക്കാന്‍ കര്‍ണി സേന ആഹ്വാനം നടത്തിയത്.

കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ സുഖ്‌ദേവ് സിങ് ഗൊഗമാഡിയുടെ നിര്‍ദ്ദേശപ്രകാരം മുംബൈ നേതാവ് യോഗേന്ദ്ര സിങ് കട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്ച കര്‍ണി സേനയിലെ ചില അംഗങ്ങള്‍ ചിത്രം കണ്ടിരുന്നുവെന്നും ഇത് രജ്പുത് വംശത്തിന്റെ മഹത്വത്തെയും ത്യാഗത്തെയും ഉയര്‍ത്തിക്കാണിക്കുന്നുവെന്നും ഓരോ രജ്പുതിനും സിനിമ കണ്ടാല്‍ അഭിമാനം തോന്നുമെന്നും അദ്ദേഹം പറഞ്ഞു.

അലാവുദ്ദീന്‍ ഖില്‍ജിയും രാണി പത്മാവതിയും തമ്മിലുള്ള ബന്ധത്തെ രജ്പുതിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലല്ല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും കത്തില്‍ യോഗേന്ദ്ര സിങ് കട്ടര്‍ പറയുന്നു. അതിനാല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം പിന്‍വലിക്കാനും ആവശ്യപ്പെടുമെന്ന് കട്ടര്‍ പറഞ്ഞു.

പത്മാവത് എന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും രജ്പുത് വംശജരേയും റാണി പത്മാവതിയേയും അപമാനിക്കുന്നതാണെന്നും ആരോപിച്ച് രാജ്യത്താകമാനം കര്‍ണി സേന പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ‘പത്മാവതി’ എന്ന പേര് ‘പത്മാവത്’ ആക്കി മാറ്റിയത്.

ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. കര്‍ണി സേന ഉള്‍പ്പെടെ നിരവധി ഹിന്ദു സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കു നടുവിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ