കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം കേട്ട് മടുത്ത് കല്യാണം കഴിച്ചു കഴിഞ്ഞാൽ തുടങ്ങും അടുത്ത ചോദ്യം “കുട്ടികൾ വേണ്ടേ?”  ഇങ്ങനെ ചോദിക്കുന്നവർക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണു ബോളിവുഡ് താരം ദീപിക പദുക്കോൺ. താനും രൺവീറും കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിലും ഇപ്പോൾ അതിനെക്കറിച്ചൊന്നും ചിന്തിക്കുന്നേയില്ല എന്നാണ് ദീപിക പറയുന്നത്.

സമൂഹത്തിന്റെ ഇത്തരം പ്രതീക്ഷകൾ വളരെ അലോസരപ്പെടുത്തുന്നതാണെന്നു ദീപിക പറഞ്ഞു. എച്ച്ടി കഫേയുമായി സംസാരിക്കുന്നതിനിടെയാണ് ദീപിക ഇക്കാര്യം തുറന്നു പറഞ്ഞത്.

” സമൂഹത്തിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് പെരുമാറണമെന്ന് പറയുന്നത് സങ്കടമാണ്. ‘ഓഹ്, കുറേ കാലമായില്ലേ നിങ്ങൾ പ്രണയിക്കുന്നു, ഇനി എപ്പോഴാണ് കല്യാണം,’ അതു കഴിഞ്ഞാൽ അടുത്ത ചോദ്യം ‘കുട്ടികളായില്ലേ, എപ്പോഴാണ് കുട്ടികളാകുന്നത്, പേരക്കുട്ടികൾ എപ്പോഴാണ്?’ എന്നൊക്കെയാണു ചോദ്യങ്ങൾ. കുറേ പറഞ്ഞുവച്ചിട്ടുള്ള പ്രതീക്ഷകളാണ്. അതിനനുസരിച്ച് ജീവിക്കണം എന്നാണ്. ഇത്തരം അഭ്യൂഹങ്ങളെക്കറിച്ച് ഞങ്ങൾ ഒട്ടും ആശങ്കപ്പെടുന്നില്ല,” ദീപിക പറഞ്ഞു. 2018 നവംബറിലാണ് ദീപികയും രൺവീറും വിവാഹിതരായത്.

Read More: രൺവീറിനൊപ്പം ചുവടുവെച്ച് ദീപിക; വീഡിയോ കാണാം

“കുട്ടികൾ വേണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്. ഞങ്ങൾ രണ്ടു പേരും കുട്ടികളെ ഇഷ്ടപ്പെടുന്നവരാണ്. പെട്ടെന്ന് തന്നെ കുട്ടികൾ ഉണ്ടാകുമോ? തീർച്ചയായും അല്ല! ഞങ്ങൾ വളരെയധികം സ്വാർത്ഥരായി ഞങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണിത്. ഈ സമയത്ത് കുട്ടികളുണ്ടാകുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ കുട്ടികളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല,” ദീപിക കൂട്ടിച്ചേർത്തു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാൽ സംവിധാനം ചെയ്യുന്ന ഛാപാക്ക് എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദീപികയിപ്പോൾ. ചിത്രത്തിൽ ലക്ഷ്മിയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്.

ദീപിക അവസാനമായി നായികയായി അഭിനയിച്ച ചിത്രം 2018 ജനുവരിയിൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് ആയിരുന്നു. അതിനുശേഷം 2018 അവസാനത്തിൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ സീറോയിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

ദീപികയും രണ്‍വീറും പ്രധാന വേഷത്തിലെത്തുന്ന കബീർഖാൻ ചിത്രം ’83’യുടെ ഷൂട്ടിംഗ് പൂർത്തിയായി. 1983 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായി നേടിയ ചരിത്രവിജയത്തിനെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. ഭാര്യാ ഭർത്താക്കന്മാരായാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

വിവാഹത്തിന് ശേഷം രണ്‍വീറിനൊപ്പമുള്ള ദീപികയുടെ ആദ്യ ചിത്രമാണിത്. മുൻപ് ‘പത്മാവത്’, ‘ബാജിരാവോ മസ്താനി’, ‘ഗോലിയോന്‍ കി രാസ്‌ലീല റാംലീല’ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook