സെലബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുമ്പോൾ പലപ്പോഴും താരങ്ങൾക്ക് നഷ്ടപ്പെടുന്നത് അവരുടെ സ്വകാര്യതയാണ്. സ്വൈര്യമായി സ്ട്രീറ്റിലൂടെ നടക്കാനോ, സൈക്കിളോടിക്കാനോ ആളുകൾ തിങ്ങിനിറഞ്ഞ തെരുവുകളിലൂടെ സഞ്ചരിക്കാനോ ഒക്കെ സെലബ്രിറ്റികൾക്ക് അവരുടെ സ്റ്റാർഡം പ്രശ്നമാകാറുണ്ട്. അതുകൊണ്ടുതന്നെ വിദേശയാത്രകകളും മറ്റും പരമാവധി ആസ്വദിക്കുന്നവരാണ് താരങ്ങൾ. ഇപ്പോഴിതാ, നാടും നഗരവുമെല്ലാം ഉറങ്ങി കിടക്കുമ്പോൾ ന്യൂയോർക്ക് നഗരവീഥികളിലൂടെ രാത്രി സൈക്കിളോടിച്ച് ആസ്വദിക്കുകയാണ് ബോളിവുഡ് താരസുന്ദരി ദീപിക പദുകോൺ. ദീപികയുടെ നൈറ്റ് റൈഡ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ നിന്നുള്ള ദീപികയുടെ സൈക്കിൾ റൈഡിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് താരത്തിന്റെ പേഴ്സണൽ ട്രെയിനർ ആയ നാം ആണ്. കുട്ടികളെ പോലെ ആർത്തുല്ലസിച്ചു സൈക്കിൾ റൈഡ് നടത്തുന്ന ദീപിക ക്യാമറ കണ്ട് കൈവീശി കാണിക്കുന്നുമുണ്ട് വീഡിയോയിൽ.
ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികൾ കൗതുകത്തോടെ ഉറ്റുനോക്കുന്ന മെറ്റ് ഗാലയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതാണ് താരം. മെറ്റ് ഗാലയിലെ ദീപികയുടെ ബാർബി ഡോൾ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസൈനർ സാക് പോസൺ ആണ് ഇളം പിങ്ക് നിറത്തിലുള്ള ദീപികയുടെ ഗൗൺ ഡിസൈൻ ചെയ്തത്. “ഇതൊരു ഡ്രസ്സല്ല, ആർട്ടാണ്,” എന്നായിരുന്നു അതിമനോഹരമായ തന്റെ കോസ്റ്റ്യൂം ആദ്യമായി കണ്ട ദീപികയുടെ പ്രതികരണം.
Read more: ഇതൊരു ഡ്രസ്സല്ല, ആർട്ടാണ്: ദീപിക പദുകോൺ
പല ലെയറുകളായി ഒരുക്കിയ മെറ്റാലിക് പിങ്ക് നിറമുള്ള ലുറെക്സ് ജക്വാർഡ് ഗൗണിൽ ഉടനീളം സീ അർച്ചിൻ (ഒരുതരം കടൽജീവി) രൂപത്തിൽ നിന്നും പ്രചോദനമുൾകൊണ്ട് നിർമ്മിച്ച മോട്ടിഫുകൾ തുന്നിപിടിപ്പിച്ചിരുന്നു. 480 ഓളം സീ അർച്ചിൻ രൂപങ്ങളാണ് ഗൗണിൽ ഉടനീളം തുന്നിപ്പിടിപ്പിച്ചത്. കൈ കൊണ്ട് തുന്നിയെടുത്ത ഈ രൂപങ്ങൾ പൂർത്തിയാക്കാൻ 160 മണിക്കൂറുകളോളമാണ് എടുത്തത്.
മെറ്റ് ഗാലയ്ക്കിടയിൽ നടി പ്രിയങ്ക, ഭർത്താവ് ജൊനാസ് എന്നിവർക്കൊപ്പം പാർട്ടിയിലും ദീപിക പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ‘ചാർളിയും ഇന്ത്യൻ മാലാഖമാരും രാത്രിയിൽ’ എന്ന ക്യാപ്ഷനോടെ ചിത്രം പ്രിയങ്കയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
മേഘ്നാ ഗുസാറിന്റെ ‘ചപ്പാക്കി’ൽ അഭിനയിച്ചു വരികയാണ് ദീപികയിപ്പോൾ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതമാണ് ‘ചപ്പാക്ക്’ പറയുന്നത്. ചിത്രത്തിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടർന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.
Read more: ദീപികയ്ക്ക് ഹൃദയം കവരുന്ന സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ
യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ദീപിക നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിലീസായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി അഗർവാളിനോട് ഏറെ സാദൃശ്യമുള്ള ലുക്കാണ് ചിത്രത്തിൽ ദീപികയുടേത്. അഭിനയത്തിനൊപ്പം തന്നെ ദീപിക നിർമ്മാതാവ് കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിർമ്മാണകമ്പനിയായ കെഎ എന്റർടെയിൻമെന്റിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും മേഘ്നാ ഗുൽസാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിർമ്മാണകമ്പനിയും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 ജനുവരിയിലാണ് ചിത്രം റിലീസിനെത്തുക.