ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന ‘ചപ്പാക്കി’ന്റെ തിരക്കുകളിലാണ് ദീപിക പദുകോൺ​ ഇപ്പോൾ. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. കഥാപാത്രമായി മാറാനുള്ള ഹോംവർക്കിലാണ് താനെന്നും ഏറെ ആസ്വദിച്ച് താൻ ചെയ്യുന്ന ഒരേ ഒരു ഹോം വർക്ക് ഇതാണെന്നുമാണ് ദീപിക പറയുന്നത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടർന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

Read more: ദീപികയ്ക്ക് ഹൃദയം കവരുന്ന സമ്മാനവുമായി ആസിഡ് ആക്രമണത്തെ അതിജീവിച്ച മനീഷ

യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിനു വേണ്ടി ഏറെ തയ്യാറെടുപ്പുകളാണ് ദീപിക നടത്തി കൊണ്ടിരിക്കുന്നത്. അടുത്തിടെ റിലീസായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലക്ഷ്മി അഗർവാളിനോട് ഏറെ സാദൃശ്യമുള്ള ലുക്കാണ് ചിത്രത്തിൽ ദീപികയുടേത്. അഭിനയത്തിനൊപ്പം തന്നെ ദീപിക നിർമ്മാതാവു കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിർമ്മാണകമ്പനിയായ കെഎ എന്റർടെയിൻമെന്റിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും മേഘ്നാ ഗുൽസാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിർമ്മാണകമ്പനിയും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആലിയ ബട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ഇതാദ്യമായാണ് മേഘ്നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോർക്കുന്നത്. ‘ചപ്പാക്കി’ന്റെ ചിത്രീകരണം മാർച്ച് 25 ന് ഡൽഹിയിൽ ആരംഭിച്ചു.

അതേസമയം, ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി മലയാളത്തിലും ഒരു ചിത്രം ഒരുങ്ങുകയാണ്. പാർവ്വതി കേന്ദ്രകഥാപാത്രമായെത്തുന്ന ‘ഉയരെ’ റിലീസിംഗിന് ഒരുങ്ങികൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വ്വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Read more: ‘ഉയരെ’ പറക്കാന്‍ പാര്‍വ്വതി; കൂട്ടിന് ആസിഫും ടൊവിനോയും

നവാഗതനായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. ബോബി-സഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവര്‍ക്കാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook