ബോളിവുഡ് താരം ദീപിക പദുകോൺ കാനിലേക്ക്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമാണ് ദീപിക. 2017 മുതൽ കാൻ ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ദീപിക. പാനലിലെ ഏക ഇന്ത്യൻ കലാകാരിയും ദീപികയാണ്. മെയ് 16 മുതൽ മെയ് 28 വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുക.
ഫ്രഞ്ച് നടൻ വിൻസെന്റ് ലിൻഡൺ അധ്യക്ഷനായ എട്ടംഗ ജൂറിയിലേക്കാണ് ദീപിക തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇറാനിയൻ ചലച്ചിത്ര നിർമ്മാതാവ് അസ്ഗർ ഫർഹാദി, സ്വീഡിഷ് നടി നൂമി റാപസ്, നടിയും തിരക്കഥാകൃത്തും നിർമ്മാതാവുമായ റെബേക്ക ഹാൾ, ഇറ്റാലിയൻ നടി ജാസ്മിൻ ട്രിൻക, ഫ്രഞ്ച് സംവിധായകൻ ലാഡ്ജ് ലി, അമേരിക്കൻ സംവിധായകൻ ജെഫ് നിക്കോൾസ്, നോർവേയിൽ നിന്നുള്ള സംവിധായകൻ ജോക്കിം ട്രയർ എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങൾ.
ഡേവിഡ് ക്രോണൻബെർഗിന്റെ സയൻസ് ഫിക്ഷൻ ചിത്രം ക്രൈമ്സ് ഓഫ് ദി ഫ്യൂച്ചർ, ദക്ഷിണ കൊറിയൻ സംവിധായകൻ പാർക്ക് ചാൻ-വൂക്കിന്റെ മിസ്റ്ററി ത്രില്ലർ ഡിസിഷൻ ടു ലീവ്, കെല്ലി റെയ്‌ചാർഡിന്റെ ഷോയിംഗ് അപ്പ് എന്നിവയാണ് കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.
ശകുൻ ബത്രയുടെ ഗെഹരായിയാനിലാണ് ഏറ്റവുമൊടുവിൽ ദീപികയെ കണ്ടത്. ഷാരൂഖ് ഖാൻ നായകനായ പത്താൻ, പ്രഭാസ് നായകനായ പ്രൊജക്റ്റ് കെ, ഹൃത്വിക് റോഷൻ നായകനായ ഫൈറ്റർ, അമിതാഭ് ബച്ചൻ നായകനായ ദി ഇന്റേൺ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.