സ്റ്റാർ പ്ലസിലെ ഡാൻസ് പ്ലസ് ഷോയിൽ അതിഥിയായെത്തിയ ദീപിക പദുക്കോൺ വികാരഭരിതയായി. ഷോയിലെ മത്സരാർഥികൾ തനിക്കുവേണ്ടി നൃത്തം ചെയ്തതു കണ്ടപ്പോഴാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞത്. ‘പത്മാവത്’ സിനിമയിലെ ഹിറ്റ് ഗാനം ഗൂമറിനാണ് മത്സരാർഥികൾ ചുവടുവച്ചത്. നൃത്തം കഴിഞ്ഞതും എഴുന്നേറ്റ് നിന്നു കയ്യടിച്ചശേഷം ദീപിക പൊട്ടിക്കരയുകയായിരുന്നു.
Read Also: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് ദീപികയുടെ മറുപടി
കൈകൾ കൊണ്ട് മുഖം പൊത്തി പൊട്ടിക്കരഞ്ഞ ദീപികയെ ഷോയിലെ വിധികർത്താവായ റെമോ ഡിസൂസ അടുത്തെത്തി ആശ്വസിപ്പിക്കുകയായിരുന്നു. അതിനുശേഷം സ്റ്റേജിലെത്തിയ ദീപിക താൻ കരഞ്ഞതിന്റെ കാരണമെന്തെന്ന് പറഞ്ഞു. ”ഞാൻ നിരവധി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇന്നു ഞാൻ അനുഭവിക്കുന്നത് എന്താണെന്ന് വാക്കുകളാൽ എനിക്ക് പറയാനാവില്ല. ഞാൻ എന്റെ ഹൃദയത്തിൽനിന്നാണ് ഇത് പറയുന്നത്, നന്ദി” മത്സരാർഥികളോടായി ദീപിക പറഞ്ഞു.
തന്റെ പുതിയ സിനിമയായ ‘ഛപാകി’ന്റെ പ്രമൊഷൻ ഭാഗമായിട്ടാണ് ദീപിക ഡാൻസ് പ്ലസ് ഷോയിലെത്തിയത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. അടുത്ത വർഷം ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.
ഛപാക് സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയും ദീപിക പദുക്കോൺ കരഞ്ഞിരുന്നു. ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പർശിച്ചുവെന്നും പറയവെയാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞും ശബ്ദം ഇടറിയതും.