ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ്- ദീപിക താരജോഡികൾ ഒന്നിച്ചെത്തുന്ന ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോൺ എബ്രഹാമും മുഖ്യ വേഷത്തിലെത്തുന്നു. ആദിത്യ ചോപ്ര നിർമ്മിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഒരു ചാരനായാണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രമേയം രഹസ്യമായി വയ്ക്കുക എന്ന ഉദേശത്തോടെ ട്രെയിലറിനു മുൻപ് ഗാനരംഗം പുറത്തിറക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. പത്താനിലെ ആദ്യ ഗാനരംഗം ഡിസംബർ 12 തിങ്കളാഴ്ച പുറത്തിറങ്ങും. ‘ബേഷാറം റാങ്ങ്’ എന്നാണ് ഗാനത്തിനു നൽകിയിരിക്കുന്ന പേര്. ദീപികയുടെ ഹോട്ട് ലുക്കിനൊപ്പം ഷാരൂഖുമായുള്ള കെമിസ്ട്രിയുമാണ് ഗാനത്തിൽ നിറഞ്ഞു നിൽക്കുന്നതെന്ന് പ്രവർത്തകർ പറയുന്നു.

“ചിത്രത്തിലെ ആദ്യ ഗാനം തിങ്കളാഴ്ച പുറത്തുവരും എന്നു കേട്ടത് സത്യമാണ്. ബേഷാറം റാങ്ങ് എന്ന് ഗാനത്തിൽ ദീപികയും ഷാരൂഖും ഏറ്റവും ഹോട്ടായിട്ടായിരിക്കും എത്തുക” സിദ്ധാർത്ഥ് പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ തന്നെ വലിയ ആരാധകവൃന്ദമുള്ള താരജോഡികളാണ് ദീപികയും ഷാരൂഖും. ഇരുവരും ഒന്നിച്ചെത്തിയ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്സ്, ഹാപ്പി ന്യൂയർ എന്നിവയെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പത്താനിലെ ഗാനം സ്പെയിനിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2023 ജനുവരി 25 നാണ് പത്താൻ റിലീസിനെത്തുക. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.