ബോളിവുഡിന്റെ പ്രിയ താരമാണ് ദീപിക പദുക്കോൺ. ദീപികയുടെ സിനിമകൾ, ഫാഷൻ സെൻസ്, വ്യക്തി ജീവിതത്തിലെ നിലപാടുകൾ എല്ലാം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞതോടെ ബോളിവുഡിന്റെ പ്രിയ താരജോഡികളുമായി മാറിയിട്ടുണ്ട് ദീപികയും രൺവീർ സിങ്ങും.
അടുത്തിടെ തന്റെ സ്ഥാപനമായ ലിവ്, ലവ്, ലാഫിന്റെ ഒരു പരിപാടിയിൽ സംസാരിക്കവെ രസകരമായൊരു സംഭവമുണ്ടായി. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വീഡിയോയിൽ, “ഞാൻ ഒരു മകളാണ്, ഞാൻ ഒരു സഹോദരിയാണ്, ഞാൻ ഒരു നടിയാണ്” ദീപിക പറയുന്നു, അപ്പോൾ അവതാരക ദീപികയോട് ചോദിക്കുന്നു, “ഒരു ഭാര്യ?” ദീപിക ചിരിച്ചുകൊണ്ട് പറയുന്നു, “ഞാൻ ഒരു ഭാര്യയാണ്, ദൈവമേ, ഞാൻ മറന്നു”. ഇത് സദസിലുള്ളവരെയും ചിരിയിലാഴ്ത്തി.
ദീപികയുടെ ലിവ്, ലവ്, ലാഫ് വിഷാദരോഗത്തിനെതിരെ പോരാടാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. വിഷാദത്തെ അതിജീവിച്ചവർക്ക്, അല്ലെങ്കിൽ ആ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് തങ്ങളുടെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള വേദിയും ഒരുക്കുന്നു.
‘രാം ലീല’ എന്ന ചിത്രത്തോടെയാണ് ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലായത്. ആറ് വർഷത്തോളം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബറിൽ ഇരുവരും വിവാഹിതരായി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി കബീർ ഖാൻ ഒരുക്കുന്ന ’83’ എന്ന ചിത്രത്തിൽ ദീപികയും രൺവീറും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. 2020 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.