ഇത്തവണ ഓസ്കാർ വേദിയിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു ബോളിവുഡ് താരം ദീപിക പദുകോൺ. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തെ സദസ്സിനു പരിചയപ്പെടുത്താൻ അവതാരകയായാണ് ദീപിക വേദിയിലെത്തിയത്. മനോഹരമായ ബ്ലാക്ക് ഗൗണിൽ അതിസുന്ദരിയായാണ് ദീപിക വേദിയിലെത്തിയത്. വെൽവറ്റ് കയ്യുറകളും ഡയമണ്ട് നെക്ലേസും നൂഡ് ലിപ്‌സ്റ്റിക്കും കണ്ണിനെ ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പും ദീപികയുടെ ലുക്കിന് കൂടുതൽ മിഴിവേകി. തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ദീപിക സമൂഹമാധ്യമങ്ങളിലും ഷെയർ ചെയ്തിരുന്നു.
ദീപികയുടെ പുതിയ ടാറ്റൂവും ചിത്രങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു. ചെവിക്ക് തൊട്ട് താഴെ, കഴുത്തിലായി ’82°E’ എന്നെഴുതിയ ടാറ്റൂവും കാഴ്ചക്കാരുടെ ശ്രദ്ധ കവർന്നു. എന്താണ് ഈ 82°E? ദീപികയുടെ പുതിയ ബ്രാൻഡാണിത്. ദീപിക പദുകോണും ജിഗർ ഷായും ചേർന്നാണ് ഈ സ്കിൻകെയർ ബ്രാൻഡ് സ്ഥാപിച്ചത്. കഴിഞ്ഞ നവംബറിൽ ഈ ബ്രാൻഡിൽ നിന്നുള്ള സ്കിൻ കെയർ ഉത്പന്നങ്ങൾ വിപണിയിലെത്തി തുടങ്ങി. ടാറ്റൂവിൽ വരെ തന്റെ ബ്രാൻഡിനെ രേഖപ്പെടുത്തിയ താരത്തിന്റെ പ്രതിബദ്ധതയെ ആഘോഷമാക്കുകയാണ് ആരാധകരും.

ഓസ്കാർ വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായ ദീപികയെ നടി കങ്കണ റണാവത്ത് ഉൾപ്പെടെയുള്ള സഹപ്രവർത്തകർ പ്രശംസിച്ചു. മുഴുവൻ രാജ്യത്തെയും ഒരുമിച്ച് നിർത്തി, ഇത്രയും അഭിമാനകരമായ ഒരു വേദിയിൽ നിൽക്കുക എളുപ്പമല്ല എന്നാണ് ദീപികയെ കുറിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചത്.
“ദീപികപദുകോൺ എത്ര സുന്ദരിയായാണ് കാണപ്പെട്ടത്. രാജ്യത്തെ മുഴുവൻ ഒരുമിച്ച് പിടിച്ച്, അതിന്റെ പ്രതിച്ഛായയും പ്രശസ്തിയും ആ ലോലമായ തോളിൽ വഹിച്ചുകൊണ്ട് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചത് എന്നതിന്റെ സാക്ഷ്യമായി ദീപിക തലയുയർത്തി നിൽക്കുന്നു.”
ഓസ്കാർ പുരസ്കാരങ്ങളുടെ ആദ്യ റൗണ്ട് പ്രഖ്യാപനങ്ങളിൽ അവതാരകയായാണ് ദീപിക എത്തിയത്. ഹാലി ബെറി, ജോൺ ട്രവോൾട്ട, ഹാരിസൺ ഫോർഡ് തുടങ്ങിയവരായിരുന്നു ഓസ്കാർ വേദിയിലെ മറ്റു അവതാരകർ. ഹാസ്യനടൻ ജിമ്മി കിമ്മലാണ് ഷോയുടെ പ്രധാന അവതാരകനായി എത്തിയത്.
ഇന്ത്യയ്ക്ക് അഭിമാനകരമായ ദിവസമായിരുന്നു ഇന്നലെ. രണ്ടു ഓസ്കാർ പുരസ്കാരങ്ങളാണ് ഇന്ത്യയിലേക്ക് എത്തിയത്. എസ്എസ് രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയപ്പോൾ കാര്‍ത്തികി ഗോസോല്‍വസ് സംവിധാനം ചെയ്ത ‘ ദ എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വ വിഭാഗത്തിലും പുരസ്‌കാരം നേടി.