ബെംഗളൂരുവിൽ നടന്ന അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിങ്ങും പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. വിവാഹ ആഘോഷങ്ങളിൽ അമിതമായി സന്തോഷിച്ച താൻ ഇപ്പോൾ പനി ബാധിച്ച് കിടപ്പിലായെന്നുളള വിവരം പങ്കുവച്ചിരിക്കുകയാണ് ദീപിക.
Read More: ദീപികയുടെ ആ ചോദ്യത്തിനു അന്നെനിക്ക് ഉത്തരമില്ലായിരുന്നു: രൺവീർ സിങ്
”നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ നിങ്ങൾ വളരെയധികം സന്തോഷിച്ചാൽ” എന്നെഴുതിയതിനൊപ്പം വായിൽ തെർമോമീറ്റർ ഇമോജിയും വച്ചുള്ളൊരു ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ദീപികയും രൺവീറും ദീപികയുടെ സഹോദരി അനിഷ പദുക്കോണും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഗോൾഡൻ നിറത്തിലുളള കാഞ്ചീവരം സാരിയാണ് ദീപിക വിവാഹത്തിന് ധരിക്കാൻ തിരഞ്ഞെടുത്തത്. റെഡ് ആൻഡ് ഗോൾഡൻ അനാർക്കലിയായിരുന്നു അനിഷ തിരഞ്ഞെടുത്തത്. ഇരുവരും വിവാഹ ചടങ്ങുകൾ നോക്കി നിൽക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇതിനു പുറമേ മെഹന്തി ചടങ്ങിൽ ദീപിക പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നവയിലുണ്ട്. സംഗീത് ചടങ്ങിൽ രൺവീർ സിങ് ‘ഗല്ലി ബോയ്’ സിനിമയിലെ പാട്ട് പാടുന്നതിന്റെയും രൺവീറും ദീപികയും ഡാൻസ് കളിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
നവംബർ 14 ന് ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് രൺവീറും ദീപികയും. കഴിഞ്ഞ വർഷം ഇറ്റലിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്.