ബോളിവുഡ് ഇനി കാത്തിരിക്കുന്നൊരു താര വിവാഹമാണ് രൺബീർ കപൂറിന്റേയും ആലിയ ഭട്ടിന്റേയും. കുറച്ച് നാളായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയിട്ട്. ഇരുവരുടേയും വിവാഹ വാർത്തകളെ കുറിച്ചുള്ള കിംവദന്തികളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അതിനിടയിലാണ് ഗോസിപ്പുകൾക്ക് തീകൊടുത്തുകൊണ്ട് ആലിയയും രൺബീറും വിവാഹിതരാകുന്നുവെന്നു ദീപിക പദുക്കോൺ അറിയിക്കുന്നത്.
ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് ആലിയയും രൺബീറും വിവാഹിതരാകുന്നുവെന്ന് ദീപിക പറഞ്ഞത്. ആലിയ ഭട്ട്, ദീപിക പദുക്കോൺ, രൺവീർ സിങ്, വിജയ് ദേവേരകൊണ്ട, ആയുഷ്മാൻ ഖുറാന, മനോജ് ബാജ്‌പേയി, വിജയ് സേതുപതി, പാർവ്വതി എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്.
Read More: കുറി കണ്ടു, കല്യാണം എന്നാണ്? പൊട്ടിച്ചിരിച്ചുകൊണ്ട് ആലിയയുടെ മറുപടി
ചർച്ച നടക്കുന്നതിനിടെ ഇന്ത്യൻ സിനിമയിലെ ആരിൽ നിന്നാണ് ഉപദേശം സ്വീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് അവതാരക വിജയ് ദേവേരകൊണ്ടയോട് ചോദിച്ചു. അതിനുള്ള വിജയ് ദേവരകൊണ്ടയുടെ മറുപടി രസകരമായിരുന്നു.
“ലജ്ജിക്കാതെ തന്നെ ഞാൻ പറയാം. ഈ മേശയ്ക്കു ചുറ്റും നിരവധി ആളുകളുണ്ട്. അവരോടൊക്കെ പലർക്കും ക്രഷുണ്ട്. ഞാൻ ദീപികയും ആലിയയുമായി വലിയ സ്നേഹത്തിലാണ്. പക്ഷെ ദീപികയുടെ വിവാഹം കഴിഞ്ഞു. എന്നാൽ…” എന്ന് വിജയ് പറഞ്ഞ് നിർത്തിയപ്പോൾ ഉടനടി അതിന് മറുപടിയുമായി ദീപിക എത്തി.
“പക്ഷെ, അവളും വിവാഹിതയാകുകയാണ്,” ആലിയയെ ചൂണ്ടിക്കാട്ടിയാണ് ദീപിക ഇങ്ങനെ പറഞ്ഞത്.
ഉടനടി ആലിയയുടെ മറുപടി വന്നു “എക്സ്ക്യൂസ് മീ, നിങ്ങളെന്തിനാണ് ഇപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്,” എന്നാണ് ആലിയ ചോദിച്ചത്. എന്നാൽ താൻ വെറുതെ പറഞ്ഞതാണെന്ന് ദീപിക പിന്നീട് പറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും രൺബീർ കപൂർ-ആലിയ ഭട്ട് താരവിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾ സജീവമാകുന്നുണ്ട്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയെ ആലിയ ഏല്‍പ്പിച്ചു കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു.
Read More: വധുവാകാൻ ആലിയ, വിവാഹ വസ്ത്രത്തിന് ഓർഡർ നൽകി
റിലീസിനൊരുങ്ങുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലൂടെയാണ് രൺബീറും ആലിയയും പ്രണയത്തിലാവുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാർത്തകൾ പുറത്തുവന്നത്.
പിന്നീട് ആലിയയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം സ്ഥിരീകരിച്ചു. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളും രൺബീറും തമ്മിലുളള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. ”അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ്,” മഹേഷ് ഭട്ട് പറഞ്ഞു. രൺബീർ-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. ”വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോൾ നടക്കുമെന്ന് എനിക്ക് പറയാൻ ആകില്ല. നമുക്ക് കാത്തിരിക്കാം.”