ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ ജീവിതം പറയുന്ന, മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപ്പാക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സിനിമയിൽ മാൽടി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടർന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ആലിയ ബട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി ‘റാസി’ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ഇതാദ്യമായാണ് മേഘ്നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോർക്കുന്നത്. ‘ചപ്പാക്കി’ന്റെ ചിത്രീകരണം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ദീപിക പദുകോണിന്റെ നിർമ്മാണകമ്പനിയായ കെഎ എന്റർടെയിൻമെന്റും മേഘ്നാ ഗുൽസാറിന്റെ മൃഗ ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദീപികയുടെ ആദ്യനിർമ്മാണസംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് ‘ചപ്പാക്കി’ന്.

Read more: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയാകാന്‍ ദീപിക പദുക്കോൺ

‘പദ്മാവതി’നു ശേഷം ഷാറൂഖ് ഖാന്റെ സീറോയിൽ ഒരതിഥി വേഷത്തിൽ മാത്രമാണ് പ്രേക്ഷകർ ദീപികയെ കണ്ടത്. അതുകൊണ്ടു തന്നെ ‘പദ്മാവതി’നു ശേഷമുള്ള ദ്വീപികയുടെ തിരിച്ചുവരവാവും ‘ചപ്പാക്ക്’. 2020 ജനുവരി 10 ന് ചിത്രം റിലീസിനെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook