പാരീസ് ഫാഷൻ വീക്കിൽ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്ന് ദീപിക പദുകോൺ. വിന്റേജ് സ്റ്റൈലിലുള്ള ഡയർ ഡ്രസ്സ് അണിഞ്ഞാണ് ദീപിക എത്തിയത്. 70കളെ പുനരാവിഷ്കരിക്കുന്ന തരത്തിലുള്ള ദീപികയുടെ ലുക്ക് സമൂഹമാധ്യമങ്ങളിലും ഫാഷൻ ലോകത്തും ശ്രദ്ധ നേടുകയാണ്. തന്റെ സ്റ്റൈലിഷ് കോസ്റ്റ്യൂമിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാനും ദീപിക മറന്നില്ല.
ഹൈ എൻഡ് ബ്രാൻഡായ ഡിയോറിനെ പ്രതിനിധീകരിച്ചാണ് ഇത്തവണ ദീപിക എത്തിയത്. ഡിയോറിന്റെ 2020ലെ സ്പ്രിംഗ്/സമ്മർ കളക്ഷനിലുള്ള ഡിയോർ കൗച്ചർ ഗൗൺ അണിഞ്ഞായിരുന്നു ദീപികയുടെ എൻട്രി. ബോഹോ പ്രിന്റോടു കൂടിയ സ്ട്രാപ്‌ലെസ്സ് ഗൗണിനൊപ്പം സൺഗ്ലാസ്സും ഗൗണിന്റെ അതേ പ്രിന്റിലുള്ള ഹെഡ് ബാന്റും സ്റ്റേറ്റ്മെന്റ് ചെയിനുമണിഞ്ഞുള്ള ദീപികയുടെ സ്റ്റണിംഗ് ലുക്ക് ശ്രദ്ധ കവരുന്നതായിരുന്നു.
ദീപികയെ കൂടാതെ ജെന്നിഫർ ലോറൻസ്, ജൂലിയൻ മൂർ എന്നിവരും പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മേഘ്നാ ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ചപ്പാക്ക്’ ആണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടർന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം.
ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.
അഭിനയത്തിനൊപ്പം തന്നെ ദീപിക നിർമ്മാതാവു കൂടിയാവുന്ന ചിത്രമാണ് ‘ചപ്പാക്ക്’. ദീപിക പദുകോണിന്റെ നിർമ്മാണകമ്പനിയായ കെഎ എന്റർടെയിൻമെന്റിന്റെ ആദ്യ നിർമ്മാണസംരംഭം കൂടിയാണ് ഈ ചിത്രം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും മേഘ്നാ ഗുൽസാറിന്റെ മൃഗ ഫിലിംസും ദീപികയുടെ നിർമ്മാണകമ്പനിയും സംയുക്തമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കബീര്‍ ഖാന്റെ പുതിയ ചിത്രമായ ’83’ലും ദീപികയുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ദീപിക പദുക്കോണും രണ്‍വീര്‍ സിങുമാണ്. 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് നേട്ടത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ വേഷത്തിലാണ് രണ്‍വീര്‍ എത്തുന്നത്. വിവാഹത്തിന് ശേഷം രണ്‍വീറിനൊപ്പമുള്ള ദീപികയുടെ ആദ്യ ചിത്രമാണിത്. മുൻപ് ‘പത്മാവത്’, ‘ബാജിരാവോ മസ്താനി’, ‘ഗോലിയോന്‍ കി രാസ്‌ലീല റാംലീല’ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Read more: രണ്‍വീറിനെ അടിച്ചു തെറിപ്പിച്ച് ദീപിക