വിവാഹം കഴിച്ചത് രണ്ട് ദിവസങ്ങളിൽ രണ്ട് മതാചാര പ്രകാരമായതിനാൽ ദീപിക പദുക്കോണിന്റേയും രൺവീർ സിങിന്റേയും വിവാഹ വാർഷികാഘോഷങ്ങൾ തീർന്നിട്ടില്ല. ആദ്യ ദിനം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ദർശനം നടത്തിയ ഇരുവരും രണ്ടാം ദിനമായ ഇന്ന് കുടുംബ സമേതം അമൃത്സറിലെ സുവർണ ക്ഷേത്രത്തിലാണ് ദർശനത്തിനായി എത്തിയത്.

സുവർണ ക്ഷേത്രത്തിൽ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ ദിനമെന്ന പോലെ ഇന്നും വസ്ത്രത്തിന്റെ നിറത്തിൽ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ദീപിക മെറൂൺ നിറമുള്ള സൽവാർ കമ്മീസ് ധരിച്ചപ്പോൾ രൺവീർ മെറൂൺ നിറത്തിലുള്ള കുർത്തയും പൈജാമയുമാണ് തിരഞ്ഞെടുത്തത്.

സുവർണ്ണക്ഷേത്രത്തിലെ ദമ്പതികളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ദീപികയും രൺ‌വീറും കുടുംബത്തോടൊപ്പം ക്ഷേത്രങ്ങൾ സന്ദർശിച്ചാണ് തങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികം ആഘോഷിച്ചത്. തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള ചിത്രം ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ”ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങൾ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി” ഇതായിരുന്നു ദീപിക ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്.

കാഞ്ചീവരം സാരിയുടുത്താണ് ദീപിക ക്ഷേത്രദർശനത്തിനെത്തിയത്. സാരിക്ക് ഇണങ്ങുന്ന ടെംബിൾ ജുവലറിയാണ് ദീപിക ധരിച്ചത്. ദീപികയുടെ ലുക്ക് താരത്തിന്റെ വിവാഹ റിസപ്ഷനെ ഓർമിപ്പിക്കുന്നതായിരുന്നു. ഐവറി കുർത്ത പൈജാമയ്ക്കൊപ്പം ബ്രൊക്കേഡ് ജാക്കറ്റായിരുന്നു രൺവീറിന്റെ വേഷം.

Read More: തിരുമല തിരുപ്പതിയെ കണ്ടു വണങ്ങി ദീപിക പദുക്കോണും രൺവീർ സിങ്ങും

രൺവീറും ദീപികയും കഴിഞ്ഞ നവംബറിൽ ഇറ്റലിയിലെ ലേക് കോമോയിൽവച്ചാണ് വിവാഹിതരായത്. ഏഴു വർഷത്തെ ഡേറ്റിങ്ങിനുശേഷമായിരുന്നു വിവാഹം. നവംബർ 14 ന് കൊങ്ങിണി ചടങ്ങിലും 15 ന് പഞ്ചാബി രീതിയിലുമാണ് വിവാഹം നടന്നത്.

കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ എന്ന ചിത്രത്തിലാണ് ഇരുവരും വിവാഹശേഷം ഒന്നിച്ച് അഭിനയിക്കുന്നത്. 1983 ലെ ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ജയത്തെക്കുറിച്ചുളളതാണ് സിനിമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷമാണ് ദീപികയ്ക്ക്. ‘റാം ലീല’, ‘ബജ്റാവോ മസ്താനി’, ‘പദ്മാവത്’, ‘ഫൈൻഡിങ് ഫന്നി’ എന്നീ ചിത്രങ്ങളിൽ ഇരുവരും വിവാഹത്തിനു മുൻപ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook