ഒരു സമയത്ത് ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട ജോഡികളായിരുന്നു ദീപിക പദുക്കോണും രണ്‍ബീര്‍ കപൂറും. സ്‌ക്രീനില്‍ ഇരുവരും ഒന്നിച്ചുള്ള കെമിസ്ട്രിയും ജീവിതത്തിലെ പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം മാധ്യമങ്ങളിലും സിനിമയിലും പ്രേക്ഷകര്‍ക്കിടയിലുമെല്ലാം വലിയ ചര്‍ച്ചയുമായിരുന്നു.
അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത താരങ്ങളുടെ ആരാധകരിലും ആകാംക്ഷയുണര്‍ത്തിയിരിക്കുകയാണ്. ഇതിനായി ദീപികയും രണ്‍വീറും ഒരുമിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ടെലിവിഷന്‍ അവതാരകന്‍ മനീഷ് പോളും കൊമേഡിയന്‍ ഭാര്‍തി സിങ്ങും ആതിഥ്യം വഹിച്ച പരിപാടിയില്‍ ഇരുവരും എത്തി. രണ്‍വീറിന്റെ ഹിറ്റ് ചിത്രം സിംബയിലെ ‘ആംഖ് മാറേ’ എന്ന ഗാനത്തിന് ദീപികയും രണ്‍ബീറും ചുവടുകള്‍ വച്ചത് കാണികളേയും ആവേശഭരിതരാക്കി. തുടര്‍ന്ന് കരണ്‍ ജോഹറിന്റെ അമ്മ ഹിരൂ ജോഹറിന് ജന്മദിനാശംസകള്‍ നേരാനും രണ്ടുപേരും മറന്നില്ല.
Read More: ഇതെടുത്തു വീട്ടിൽ കൊണ്ട് പോയാലോ?: ദീപികയുടെ മെഴുക് പ്രതിമ കണ്ട് രൺവീർ
ഫോര്‍മല്‍സില്‍ പ്രസരിപ്പോടെ രണ്‍ബീര്‍ എത്തിയപ്പോള്‍ തന്റെ ഗൗണില്‍ ദീപികയും തിളങ്ങി. ‘പത്മാവതി’ലെ ‘ഗൂമറ്’ എന്ന പാട്ടിന് ദീപിക ചുവടുവച്ചപ്പോള്‍ ആഹ്‌ളാദത്തിന്റെ കൈയ്യടികളായിരുന്നു ചുറ്റും.
ഇംത്യാസ് അലി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ‘തമാഷ’ എന്ന ചിത്രത്തിലാണ് ദീപികയും രണ്‍ബീറും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിന് മുമ്പ് ‘യേ ജവാനി ഹേ ദിവാനി’, ‘ബച്ചനാ ഏ ഹസീനോ’ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.