നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അവതാരകനാകുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയുടെ പുതിയ സീസണിന്റെ ആദ്യ എപ്പിസോഡില്‍ ബോളിവുഡ് താരസുന്ദരികളായ ദീപിക പദുക്കോണും ആലിയ ഭട്ടും അതിഥികളായി എത്തുന്നു. ദീപിക രണ്‍ബീറിന്റെ പഴയ കാമുകിയും ആലിയ രണ്‍ബീറിന്റെ നിലവിലെ കാമുകിയുമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്.
പരിപാടിയുടെ ടീസര്‍ കരണ്‍ ജോഹര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ദീപികയും ആലിയയും കരണ്‍ജോഹറും സംസാരിക്കുന്നതിനിടെ ‘ദി എലിഫന്റ് ഇന്‍ ദി റൂം’ എന്നൊരു പരാമര്‍ശം കരണ്‍ ജോഹര്‍ നടത്തി. രണ്‍ബീറിനെക്കുറിച്ച് കരണ്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ദീപിക ഇതിനിടയില്‍ കയറി സംസാരിക്കുന്നുമുണ്ട്.
ദീപികയും ആലിയയും ഉടന്‍ വിവാഹത്തിന് തയ്യാറെടുക്കുന്നു എന്ന തരത്തിലാണ് കരണ്‍ ജോഹര്‍ സംസാരിക്കുന്നത്. ആരുടെ വിവാഹമാണ് ആദ്യം എന്ന ചോദ്യത്തിന് ഇരുവരും പരസ്പരം വിരല്‍ ചൂണ്ടി കാണിക്കുന്നുണ്ട്.
ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളായി. നവംബര്‍ 20ന് ഇറ്റലിയില്‍ വച്ചായിരിക്കും ഇരുവരുടേയും വിവാഹം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്കാ ചോപ്രയുടേയും നിക് ജൊനാസിന്റയേയും വിവാഹവും നവംബറില്‍ ഉണ്ടാകും എന്ന് അറിയുന്നു.