നാളുകളായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്നതാണ് ദീപിക-രണ്‍വീര്‍ വിവാഹം. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും വിവാഹത്തെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

നവംബറോടെ ഇരുവരും ഇറ്റലിയില്‍ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താര ജോഡി. നവംബര്‍ 14നും 15നും ആയിരിക്കും വിവാഹം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ദീപികയാണ് വിവാഹ വിവരം ആരാധകരുമായി പങ്കുവെച്ചത്. പിന്നാലെ രണ്‍വീറും ട്വീറ്റ് ചെയ്തു.

വിവാഹ വിവരം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും രണ്ട് പേരുടേയും കുടുംബങ്ങളുടേയും അനുഗ്രഹത്തോടെ നവംബര്‍ 14നും 15 നും വിവാഹം നടക്കുമെന്ന് ദീപിക പറഞ്ഞു.

Read More: ആഭരണക്കടയില്‍ അമ്മയുമൊത്ത് ദീപിക പദുകോണ്‍: ചിത്രങ്ങള്‍

തങ്ങള്‍ക്കൊപ്പം പിന്തുണയായി നിന്നതിനും നല്‍കിയ സ്‌നേഹത്തിനും എല്ലാവര്‍ക്കും നന്ദി പറയുന്നതായും ദീപിക പറഞ്ഞു. അതേസമയം, എവിടെ വച്ചാകും വിവാഹം എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഉടനെ തന്നെ ഈ വിവരങ്ങളും പുറത്ത് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

കുറേ കാലമായി ആരാധകരും പാപ്പരാസികളും ഇരുവരുടേയും വിവാഹത്തെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ മുംബൈയിലെ പ്രശസ്തമായ ആഭരണക്കടയില്‍ അമ്മ ഉജ്ജലയുമായി ദീപിക പദുകോണ്‍ എത്തിയത് അവരുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി കൂട്ടിയിരുന്നു. മുംബൈ ബാന്ദ്രയിലാണ് ദീപിക ജൂവലറി ഷോപ്പിംഗിനെത്തിയത്.

Read More: അരങ്ങ് തകര്‍ക്കുന്ന നൃത്തച്ചുവടുകളുമായി ദീപികയും രണ്‍വീറും

സഞ്ജയ് ലീല ബൻസാലിയുടെ രാം ലീല എന്ന ചിത്രത്തിലാണ് ദീപികയും രൺവീറും ആദ്യമായി അഭിനയിക്കുന്നത്. അതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള പ്രണയവാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. പിന്നീട് ബാജിറാവു മസ്താനി, പത്മാവത് എന്നീ ചിത്രങ്ങളിലൂടെയും ഇഷ്ട ജോഡികൾ പ്രേക്ഷകരുടെ ഹൃദയം കവർന്നു. വർഷങ്ങൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് താരങ്ങൾ ഇന്ന് വിവാഹ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook