‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്’ എന്ന വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ദീപക് പറമ്പോല്‍ എന്ന ചെറുപ്പക്കാരന്റെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ നിരവധിയേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ദീപക് നായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘ഓര്‍മ്മയില്‍ ഒരു ശിശിരം’
രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പതിനാറുകാരനും മുപ്പതുവയസ്സുകാരനുമായെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് ദീപക്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ ദീപക് പറമ്പോല്‍ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് മനസ്സു തുറക്കുന്നു.
നായകനാകുമ്പോള്‍
സ്ക്രിപ്റ്റ് കേൾക്കുമ്പോൾ മുതൽ റിലീസായി തിയേറ്ററിൽ എത്ര ആളുകൾ കയറുന്നു എന്നുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു നായകനായി എത്തുമ്പോൾ അത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സിനിമ എന്താണെന്ന് നന്നായി അറിയാം. കഴിഞ്ഞ ആഗസ്ത് നാലിനാണ് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയത്. ഒരു വർഷത്തോളം ഈ ചിത്രത്തിനു പിറകെ ആയിരുന്നു. നായകനായി അഭിനയിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം ഫീൽ ചെയ്തിട്ടുണ്ട്.
മുപ്പതുകാരന്‍ പ്ലസ് വണ്‍കാരനാകുമ്പോള്‍
രണ്ട് കാലഘട്ടം പറയുന്ന സിനിമയാണ്. ഒന്ന് മുപ്പതുകളിലുള്ള നായകൻ, മറ്റൊന്ന് പ്ലസ് വൺ കാലഘട്ടത്തിലെ വിദ്യാർത്ഥി. മുപ്പതു വയസ്സുള്ള ആള് ചുമ്മാ താടിയും മീശയും വടിച്ചാൽ പ്ലസ് ടു കാരൻ ആവില്ലെന്നു അറിയുന്നതുകൊണ്ട് ചിത്രത്തിനു വേണ്ടി ഡയറ്റ്, വർക്ക് ഔട്ട് ഒക്കെ ചെയ്ത് തടി കുറച്ചിരുന്നു. ഇപ്പോ സിനിമ തിയേറ്ററിൽ കാണുമ്പോൾ എനിക്ക് തന്നെ ഒരു മാറ്റം ഫീൽ ചെയ്യുന്നുണ്ട്. കുറേപേർ അതെടുത്തു പറയുകയും ചെയ്തു. അതു കേൾക്കുമ്പോൾ സന്തോഷമുണ്ട്. കഥാപാത്രത്തോട് നീതി പുലർത്താൻ പറ്റിയെന്നാണ് വിശ്വാസം.
പതിയെ ആളുകളിലേക്ക് എത്തുന്ന സിനിമ
കഴിഞ്ഞ പടങ്ങൾ എല്ലാം ഹിറ്റായ ഒരു നടനാണെങ്കിൽ ആളുകൾ സിനിമ അന്വേഷിച്ച് തിയേറ്ററിൽ പോവും. ഞാൻ ക്യാരക്റ്റർ റോളുകൾ ചെയ്യുന്ന ഒരു ആർട്ടിസ്റ്റായതുകൊണ്ട് അതിന്റേതായ പരിമിതികൾ ഉണ്ട്. കുടുംബ പ്രേക്ഷകരാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. വലിയ ബൂമൊന്നുമുള്ള സിനിമയല്ല. പതിയെ ആളുകളിലേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് വെച്ച് സിനിമ കണ്ടിറങ്ങിയപ്പോൾ ഒരു ചേച്ചി വന്നിട്ട് പറഞ്ഞു, ‘കണ്ണു നിറഞ്ഞിട്ടുണ്ട് മോനേ…’എന്ന്. ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’യുടെ സംവിധായകൻ വിളിച്ചിട്ട് പറഞ്ഞു, ‘അവനു നന്നായി ഫീൽ ചെയ്തു, റിലേറ്റ് ചെയ്യാൻ പറ്റി’ എന്നൊക്കെ. എവിടെയൊക്കെയോ ആളുകളെ സ്പർശിക്കാൻ കഴിയുന്നൊരു സിനിമ ചെയ്തു എന്നതിൽ സന്തോഷമുണ്ട്.
മാറുന്ന നായകസങ്കല്പം
നായകസങ്കല്പം എന്നൊന്നും ഇന്നില്ല. നായകൻ ഓട്ടോക്കാരനോ തെങ്ങുകയറ്റുകാരനോ ഒക്കെയാവാം. സിനിമയുടെ പ്രമേയം, കഥാപാത്രം, ഉളളടക്കം അതൊക്കെയാണ് ആളുകൾ ശ്രദ്ധിക്കുന്നത്. സിനിമ നന്നായാൽ ആളുകൾ സ്വീകരിക്കും, നായകനെ നോക്കിയല്ല ആളുകൾ സിനിമ കാണാൻ പോവുന്നത്. ആ ഒരു മാറ്റം നല്ലതാണെന്ന് തോന്നുന്നു.
ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമകളേ തിയേറ്ററിൽ പോയി കാണാൻ താൽപ്പര്യമുണ്ടായിരുന്നുള്ളൂ. ഇന്ന് പക്ഷേ അങ്ങനെയല്ല, ഇപ്പോൾ എല്ലാവരുടെയും സിനിമകൾ ആളുകൾ തിയേറ്ററിൽ പോയി കാണുന്നുണ്ട്. ചിലപ്പോൾ സംവിധായകന്റെ ലേബലാവാം ഒരു സിനിമ കാണാൻ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ പ്രൊഡക്ഷൻ കമ്പനിയുടെ ബാനർ നോക്കിയാവാം. അല്ലെങ്കിൽ കഥ നല്ലതാവാം, ചില പാട്ടുകൾ ഹിറ്റായതിനാലാവാം- അങ്ങനെ പല വിധ കാരണങ്ങൾ കൊണ്ട് ആളുകൾ ഇന്ന് സിനിമകൾ തിയേറ്ററിൽ പോയി കാണുന്നുണ്ട്.
സിനിമയിലെ ഒന്‍പതു വര്‍ഷങ്ങള്‍
എല്ലാ ജോലിയ്ക്കും അതിന്റേതായ കഷ്ടപ്പാടുകൾ ഉണ്ട്. തുടക്കക്കാലത്ത് കുറെ കഷ്ടപ്പെട്ടിട്ടുണ്ട്, ഒരുപാട് പേരെ കണ്ട് സംസാരിച്ച് സിനിമയ്ക്കു പിന്നാലെ നടന്നിട്ടുണ്ട്. വിനീത് ഏട്ടൻ എന്നൊരു വ്യക്തി ഇല്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഞാൻ ഒരു സീനിൽ മാത്രം അഭിനയിക്കുന്ന ജൂനിയർ ആർട്ടിസ്റ്റോ, ചെറിയ വേഷങ്ങൾ ചെയ്യുന്ന ഒരാളോ ഒക്കെയേ ആവുമായിരുന്നുള്ളൂ. അല്ലെങ്കിൽ ഇപ്പോഴും ചാൻസ് ചോദിച്ച് നടക്കുന്ന ഒരാളായിരുന്നേനെ. ‘തട്ടത്തിൻമറയത്ത്’ എന്നൊരു സിനിമ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോൾ ഈ സിനിമയിൽ നായകവേഷം ചെയ്യാൻ പോലും പറ്റിയത്.
അതിജീവിക്കാൻ എല്ലാവരും കഷ്ടപ്പെടുന്നുണ്ട്, ആ കഷ്ടപ്പാട് എനിക്കുമുണ്ട്. ചെയ്യുന്ന സിനിമകൾ നല്ല രീതിയിൽ മാർക്കറ്റ് ചെയ്യപ്പെടാനും ആളുകളിലേക്ക് എത്തിക്കാനുമൊക്കെ ശ്രമിക്കാറുണ്ട്. ചിലതൊന്നും ആളുകൾ കാണാതെ പോവുന്നതിൽ സങ്കടവുമുണ്ട്. ഉദാഹരണത്തിന് ‘ഒറ്റമുറിവെളിച്ചം’ എന്ന സിനിമ, സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയതാണ്. പക്ഷേ ആ ചിത്രം തിയേറ്ററുകളിൽ എത്തിയില്ല, അതൊക്കെ സങ്കടമാണ്.

പിന്നെ ഇതൊക്കെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഈ കഷ്ടപ്പാടുകൾ ഒക്കെ ചിലപ്പോൾ അടുത്ത സിനിമയിലോ അതു കഴിഞ്ഞുള്ളതിലോ ഒക്കെ നമ്മളെ സഹായിക്കും. പഠിച്ചു പഠിച്ചാണല്ലോ മുന്നോട്ട് പോവുന്നത്.
ആദ്യചിത്രത്തിന് ശേഷം
ഒരുപാട് സിനിമകളൊന്നും എന്നെ തേടി വന്നിട്ടില്ല. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയ്ക്ക് ശേഷം ഒറുപാട് ഓഫറുകൾ വന്നിട്ട് ഞാനൊന്നും സ്വീകരിക്കാതിരിക്കുക ആണെന്നാണ് പലരും കരുതിയിരുന്നത്. എന്നോട് ഒരുപാട് ആളുകൾ അത് ചോദിച്ചിട്ടുമുണ്ട്. പക്ഷേ എന്നെ തേടിയെത്തിയ ഓഫറുകൾ വളരെ കുറവായിരുന്നു. വന്നതിൽ ബെറ്റർ എന്നു തോന്നിയവയാണ് ഞാൻ തിരഞ്ഞെടുത്തത്. ആ പടങ്ങളിൽ കുറേയൊക്കെ ഓടിയിട്ടുണ്ട്. അതൊരു ഭാഗ്യമായി കാണുന്നു, അതെല്ലാം സ്ക്രിപിറ്റിനെയും സംവിധായകന്റെയും പ്രത്യേകതയാണ്.
സിനിമ മാത്രം ചിന്തിക്കുന്ന ഞാന്‍
സിനിമയല്ല, എന്താണ് നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അതു നടക്കും എന്നതാണ് എനിക്ക് പോസിറ്റീവായി തോന്നിയിട്ടുള്ള ഒരു കാര്യം. മുഴുവൻ സമയവും സിനിമ മാത്രം ചിന്തിച്ചിട്ടു നടന്നിരുന്ന, ആഗ്രഹിച്ചിരുന്ന ഒരാളാണ് ഞാൻ.
ഓഡിഷൻ വഴിയാണ് ‘മലർവാടി’യിൽ എത്തുന്നത്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാനെന്റെ സിനിമാ ആഗ്രഹം പറഞ്ഞിരുന്നു. ഒരു ദിവസം ഉറങ്ങിപ്പോയതുകൊണ്ട് സ്ഥിരം പോയികൊണ്ടിരുന്ന ഒരു ബസ്സ് മിസ്സായി. വേറെ ബസ്സിൽ കയറിയപ്പോൾ ഒരു സുഹൃത്തിനെ കണ്ടു. ദിലീപ് നിർമ്മിക്കുന്ന പുതിയ സിനിമയിലേക്ക് അഞ്ചു പുതുമുഖങ്ങളെ അന്വേഷിക്കുന്നു എന്ന വാർത്ത പത്രത്തിൽ കണ്ടകാര്യം പറയുന്നത് ആ സുഹൃത്താണ്. സത്യത്തിൽ, അന്ന് ഞാൻ വൈകി എണീറ്റില്ലായിരുന്നെങ്കിൽ, ആ ബസ്സിൽ കയറിയില്ലായിരുന്നെങ്കിൽ,അവനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ‘മലർവാടി’യിൽ എത്തില്ലായിരുന്നു. അത് എന്തോ ഭാഗ്യം കൊണ്ടാണ്. ഞാനത് ഏറെ ആഗ്രഹിച്ചിട്ടുണ്ട്, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നമ്മൾ ഭയങ്കരമായി ആഗ്രഹിച്ച് ഒന്ന് പരിശ്രമിച്ചാൽ ആ കാര്യങ്ങളൊക്കെ നടക്കും എന്നൊരു വിശ്വാസമുണ്ടെനിക്ക്.
സ്വാധീനിച്ച നടന്മാര്‍
മലയാളസിനിമകൾ കണ്ടിട്ടാണ് സിനിമയിൽ അഭിനയിക്കണം എന്നു എനിക്ക് തോന്നിയത്, അല്ലാതെ ഹോളിവുഡ് പടങ്ങൾ ഒന്നുമല്ല. മലയാളത്തിൽ എല്ലാ നടന്മാരും അടിപൊളി നടന്മാരാണ്. കൂടുതലും ലാലേട്ടന്റെ സിനിമകളാണ് കണ്ടിട്ടുള്ളത്. പിന്നെ നെടുമുടി സാർ, തിലകൻ സാർ അങ്ങനെ കുറേ നടന്മാർ മനസ്സിൽ അഭിനയത്തോടുള്ള ആഗ്രഹം കൂട്ടിയിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍ സ്കൂള്‍ ഓഫ് ആക്റ്റിംഗ്
അജു പറയുന്നതുപോലെ തന്നെ, വിനീത് ശ്രീനിവാസൻ സ്കൂളിലൂടെ വന്നതുകൊണ്ടാണ് ഇപ്പോഴും സിനിമയിൽ സജീവമായി നിൽക്കാൻ പറ്റുന്നത്. ‘മലർവാടി’, ‘തട്ടത്തിൻ മറയത്ത്’ ഒക്കെ കഴിഞ്ഞിട്ട് വേറെ സിനിമകൾ ഒന്നുമില്ലാതെ ഇതു നിർത്തേണ്ടി വരുമോ? എന്തു ചെയ്യും എന്നൊക്കെ വിഷമിച്ചു നിൽക്കുന്ന ഒരു സമയമുണ്ടായിട്ടുണ്ട്. സാമ്പത്തികമായി സെറ്റിൽഡ് ആയിട്ടൊന്നുമില്ല അപ്പോൾ. ആ ഒരു അവസ്ഥയിൽ, ഇനി എന്ത് എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് വിനീതേട്ടൻ ‘തിര’യിലേക്ക് വിളിക്കുന്നത്. നമുക്ക് ഏറെ വിശ്വാസമുള്ള ഒരാളാണ് വിനീതേട്ടൻ. ഈ സിനിമയുടെ റിലീസിംഗ് വൈകിയപ്പോഴും പ്രശ്നങ്ങൾ പറയുമ്പോഴും പോസ്റ്ററുകൾ പുറത്തുവന്നപ്പോഴുമെല്ലാം നിവിൻ, അജു, വിനീതേട്ടൻ ഒക്കെ സപ്പോർട്ട് ചെയ്തിരുന്നു .
ലവ് ആക്ഷന്‍ ഡ്രാമ
ഒരു സീനിൽ ഞങ്ങൾ ‘മലർവാടി’ ടീം എല്ലാവരും ഒന്നിച്ചു വരുന്നുണ്ട്. നിവിന്റെ ബാച്ച്ലർ പാർട്ടി സീനിൽ എല്ലാവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. എല്ലാവരെയും കാണാൻ വേണ്ടി പോയി അഭിനയിച്ചതാണ്.

Read more: അന്ന് ചേട്ടനൊപ്പം, ഇന്ന് അനിയനു വേണ്ടി; ‘മലർവാടി’ ടീം വീണ്ടുമൊന്നിക്കുന്നു
സ്വീകരിക്കപ്പെട്ട കഥാപാത്രം
ആദ്യം ‘തട്ടത്തിൻ മറയത്തി’ലെ കഥാപാത്രത്തിന്റെ പേരിലായിരുന്നു എല്ലാവരും തിരിച്ചറിഞ്ഞത്. കുട്ടികളൊക്കെ കാണുമ്പോൾ ‘കുഞ്ഞിരാമായണ’ത്തിലെ കഥാപാത്രത്തെ പറയും. ‘രക്ഷാധികാരി ബൈജു’വിലെ കഥാപാത്രത്തെ കുറിച്ചും ആളുകൾ പറയാറുണ്ട്. ഓരോ സിനിമകൾ കഴിയുന്നതിന് അനുസരിച്ച് കഥാപാത്രങ്ങൾ മാറിമാറി വരുന്നുണ്ട്, അത് നല്ല കാര്യമായി തോന്നുന്നു. ആളുകളുടെ മനസ്സിൽ പലപല കഥാപാത്രങ്ങളായി സ്റ്റിക്ക് ചെയ്തു നിൽക്കുന്നു എന്നതിൽ സന്തോഷമുണ്ട്.
കുടുംബത്തിന്റെ സപ്പോര്‍ട്ട്
കണ്ണൂര് അഴീക്കോട് ആണ് എന്റെ സ്ഥലം. വീട്ടിൽ അച്ഛനും അമ്മയും അനിയനും അച്ഛന്റെ അമ്മയുമുണ്ട്. തുടക്കത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന പോലെ വീട്ടുകാർക്കും വിഷമം ഉണ്ടായിരുന്നു. എന്തായി തീരും എന്നറിയില്ലല്ലോ. എന്തായി തീരും എന്ന് എനിക്കും അറിയില്ലായിരുന്നു . എന്നെങ്കിലും സിനിമയിൽ എത്തും എന്നൊരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പക്ഷേ സിനിമയാണ് എന്റെ ജീവിത മാർഗ്ഗമെന്ന് നമ്മൾ ഉറപ്പിച്ച് നിൽക്കുകയാണ്, അപ്പോൾ പിന്നെ വീട്ടുകാർക്ക് ഒന്നും പറയാൻ പറ്റില്ല. (ചിരിക്കുന്നു) അവരുടെ സപ്പോർട്ടോടെ മുന്നോട്ടു പോവുകയാണ്.
ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം
അങ്ങനെ ഡ്രീം കഥാപാത്രങ്ങളൊന്നുമില്ല. മലയാളസിനിമകൾ എല്ലാം നല്ലതാണ്. എല്ലാതരം കഥാപാത്രങ്ങളെയും ചെയ്യണം എന്നാഗ്രഹമുണ്ട്. നല്ല സിനിമകൾ ചെയ്യുക, നല്ല സംവിധായകർക്ക് ഒപ്പം നല്ല സ്ക്രിപ്റ്റുകളിൽ അഭിനയിക്കുക എന്നു മാത്രമേയുള്ളൂ.
പുതിയ ചിത്രങ്ങള്‍
ഇനി റിലീസ് ചെയ്യാനുള്ളത് ‘മനോഹരം’ ആണ്. സംവിധായകൻ അൻവർ സാദിത്തിന്റെ രണ്ടാമത്തെ ചിത്രം, വിനീതേട്ടനാണ് നായകൻ. പിന്നെ ഷെയ്ൻ നിഗത്തിനൊപ്പം ‘ഉല്ലാസം’.
ഇൻസ്റ്റഗ്രാം എന്നൊരു വെബ് സീരിസും അടുത്തിടെ ചെയ്തു. ‘ബിടെക്ക് ‘ സംവിധായകൻ മൃദുൽ നായരാണ് സംവിധായകൻ. ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരുപാട് താരങ്ങൾ ഉള്ളൊരു വെബ് സീരിസാണ്. 16 എപ്പിസോഡ് വരുന്ന ഒന്ന്. സിനിമയുടെ അതേ ക്വാളിറ്റിയിൽ ടെക്നീഷൻമാരെയെല്ലാം വെച്ച് അതേ ബഡ്ജറ്റിൽ ചെയ്തതാണ്. അതിൽ ടൈറ്റിൽ കഥാപാത്രത്തെ ചെയ്യാൻ പറ്റിയെന്നത് വളരെ സന്തോഷം .