നയൻതാരയുടെ അഭിനയം പോലെ തന്നെ ആരാധകർക്ക് ഇഷ്ടമാണ് താരത്തിന്റെ ശബ്ദവും. എന്നാൽ സിനിമയിൽ സ്വന്തം ശബ്ദത്തിൽ അല്ല നയൻതാര ഡബ് ചെയ്യുന്നത്. ഇത് പലർക്കും അറിയില്ല. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന നയൻതാരയുടെ ശബ്ദത്തിനു പിന്നിൽ മറ്റൊരാളുണ്ട്. നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ദീപ വെങ്കട്ടാണ് നയൻതാരയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും ഇപ്പോൾ ശബ്ദം നൽകുന്നത്.

രാജ റാണി മുതലാണ് ദീപ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ശബ്ദം നൽകിത്തുടങ്ങിയത്. വോയ്സ് ടെസ്റ്റിന് പോയപ്പോൾ കിട്ടുമെന്ന് ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്ന് ദീപ ഇന്ത്യാഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശബ്ദം ഓകെയാണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. എന്റെ ശബ്ദം കേട്ടിട്ട് തനിക്ക് മാച്ചാകുന്ന ശബ്ദമാണെന്ന് നയൻതാര പറഞ്ഞതായി സംവിധായകൻ ആറ്റ്‌ലിയാണ് പറഞ്ഞത്. നയൻതാരയുടെ വലിയ ആരാധികയാണ് ഞാൻ. അവർക്ക് ശബ്ദം നൽകാൻ അവസരം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. രാജ റാണിയിലെ ശബ്ദം കേട്ട് ഇഷ്ടമായി പിന്നീട് പല സംവിധായകരും വിളിക്കാൻ തുടങ്ങി. ഇപ്പോൾ നയൻതാരയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും താനാണ് ശബ്ദം നൽകുന്നതെന്നും ദീപ പറഞ്ഞു.

രാജ റാണി, തനി ഒരുവൻ, മായ, ഇതു നമ്മ ആളു, അരം തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയൻതാരയ്ക്ക് ശബ്ദം നൽകിയത് ദീപയാണ്. നയൻതാര പൊതുവേ ഡബ്ബിങ് സ്റ്റുഡിയോയിൽ വരാറില്ലെന്നും അരം സിനിമയുടെ ഡബ്ബിങ് സമയത്താണ് ആദ്യമായി വന്നതെന്നും ദീപ പറയുന്നു. ഡബ്ബിങ് കേട്ട ശേഷം ചില സ്ഥലങ്ങളിൽ തിരുത്തലുകൾ പറഞ്ഞു. നയൻതാര വളരെ പ്രൊഫഷണലും ഹാർഡ് വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റാണെന്നും ദീപയുടെ വാക്കുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ