സിനിമയെന്ന മാധ്യമത്തിന് ചിലപ്പോഴൊക്കെ സമൂഹത്തിന്റെ മനഃസാക്ഷിയെ ഉണർത്താൻ മാത്രം കരുത്തും സ്വാധീനവുമുണ്ടാവാറുണ്ട്. അതുവരെ ആരും അഡ്രസ് ചെയ്യാത്ത വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്ന ധീരമായ സിനിമകളുടെ ചരിത്രം പരിശോധിച്ചാൽ തന്നെ സിനിമയുടെ ശക്തി മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തരം സിനിമകൾ ഒന്നുകിൽ അകമഴിഞ്ഞ രീതിയിൽ ശ്ലാഘിക്കപ്പെട്ടവയായിരിക്കും, അല്ലെങ്കിൽ ഏറെ കല്ലേറു നേടിയവയായിരിക്കും. അവ ഏറ്റുവാങ്ങിയ പ്രതികരണം പോസിറ്റിവോ നെഗറ്റീവോ ആവട്ടെ, പക്ഷേ ആ പ്രതികരണത്തിന്റെ തീക്ഷ്ണത കാണാതെ പോവാൻ തരമില്ല.

അത്തരത്തിൽ, ഏറെ തീക്ഷ്ണമായ രീതിയിലുള്ള പ്രതികരണങ്ങളേറ്റു വാങ്ങിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ഫയർ’. 1996-ൽ പുറത്തിറങ്ങിയ ദീപ മേത്ത സം‌വിധാനം ചെയ്ത ഈ ചിത്രത്തിന് അന്ന് തീവ്രഹിന്ദുത്വവാദികളിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ശിവസേന ഉള്‍പ്പടെയുള്ള സംഘടനകള്‍ മുന്നോട്ടു വന്നതോടെ സെന്‍സര്‍ ബോർഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി. സംവിധായിക ദീപ മേത്തയ്ക്ക് വധഭീഷണിയും നേരിടേണ്ടി വന്നു.

സ്വവര്‍ഗാനുരാഗികളായ രണ്ട് ഹിന്ദു സഹോദരിമാരുടെ കഥ പറഞ്ഞു എന്നതായിരുന്നു ദീപ മേത്ത ‘ഫയറി’ലൂടെ ചെയ്ത ‘തെറ്റ്’. അന്ന് തെറ്റാണെന്ന് മുദ്രകുത്തപ്പെട്ട ഒരു വിഷയം, ‘ഇനി മുതൽ കുറ്റക്കരമല്ലെന്ന്’ തിരുത്തിയാണ് സുപ്രീം കോടതി ഇന്നലെ വാർത്തകളിൽ നിറഞ്ഞത്.

വിധിയുടെ പശ്ചാത്തലത്തിൽ ‘ഫയർ’ എന്ന സിനിമയെ ഒന്നു കൂടി ഓർമിപ്പിക്കുകയാണ് നടി നന്ദിത ദാസ്. ” 22 വർഷങ്ങൾക്ക് മുൻപ് ഫയർ എന്ന ചിത്രം സ്വവർഗാനുരാഗം എന്ന വിഷയത്തിലുള്ള സംവാദങ്ങളുടെ വിത്ത് പാകിയിരുന്നു, നീണ്ട രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ആ സംവാദങ്ങൾ അതിന്റെ പരകോടിയിലെത്തിയിരിക്കുന്നു,” എന്നാണ് നന്ദിത ദാസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ദീപ മേത്തയുടെ ‘ഫയറി’ൽ സ്വവര്‍ഗാനുരാഗികളായ ഹിന്ദു സഹോദരിമാരായി എത്തിയത് ഷബാന അസ്മിയും നന്ദിത ദാസുമായിരുന്നു.

സ്വവർഗ്ഗാനുരാഗം എന്ന വാക്കു പോലും ഇന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്ത ഒരു കാലത്താണ് ‘ഫയർ’ എന്ന ചിത്രം പിറന്നത് എന്ന വസ്തുത, തിരിഞ്ഞു നോക്കുമ്പോൾ കൗതുകകരമായി തോന്നാം. എന്നാൽ, ദീർഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കാൻ ‘ഇന്ത്യൻ സിനിമ’ തയ്യാറാവുന്നു എന്നതിൽ ഇന്ത്യൻ സിനിമാപ്രേമികൾക്ക് അഭിമാനിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook