/indian-express-malayalam/media/media_files/2026/01/21/chatha-pacha-salim-kumar-connection-2026-01-21-17-23-37.jpg)
ചത്ത പച്ച
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരിപടങ്ങളിലൊന്നായ 'കല്യാണരാമൻ' കണ്ടവരാരും സലിം കുമാറിന്റെ പ്യാരിയെന്ന കഥാപാത്രത്തെ മറക്കില്ല. ആ സിനിമയിൽ പ്യാരി, ദിലീപിന്റെ കഥാപാത്രമായ രാമൻകുട്ടിയോട് പറയുന്ന ഒരു ഡയലോഗുണ്ട്— "ചത്താ പച്ച എന്നു പറഞ്ഞ് ഇറങ്ങിക്കോടാ... ഈ പ്രോഗ്രാം കണ്ടു കഴിഞ്ഞാൽ അവൻ വാലും പൊക്കി ഓടണം."
വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രത്തിന് തലക്കെട്ടായി വന്നിരിക്കുന്നത് അതേ പേര് തന്നെ- 'ചത്താ പച്ച'.
"ഈ പേരു വന്നത് കല്യാണരാമനിലെ സലിം കുമാർ ചേട്ടന്റെ ഡയലോഗിൽ നിന്നാണ് കിട്ടിയത്. ഈ പടത്തിന്റെ മൂഡ്, തീം... മോട്ടിവേഷൻ അതാണ്. ചത്താ പച്ച, ഒന്നും നോക്കണ്ട ചത്താ പച്ച," ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായ ഇഷാൻ ഷൗക്കത് വ്യക്തമാക്കുന്നു.
അർജുൻ അശോകൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ചത്താ പച്ച: റിങ് ഓഫ് റൗഡീസ്' തിയേറ്ററുകളിലേക്ക് എത്തുമ്പോൾ പ്രേക്ഷകർക്കിടയിലുള്ള പ്രധാന സംശയം ഈ പേരിന്റെ അർത്ഥമെന്താണ് എന്നതാണ്.
കൊച്ചിയിലെ പ്രാദേശിക ഭാഷയിൽ പ്രചാരത്തിലുള്ള ഒരു പ്രയോഗമാണ് യഥാർത്ഥത്തിൽ 'ചത്താ പച്ച'. ഇംഗ്ലീഷിലെ 'Do Or Die' അഥവാ 'മരിക്കുക അല്ലെങ്കിൽ ജീവിക്കുക' എന്ന അർത്ഥമാണ് ഈ വാക്കിനുള്ളത്. ചത്താലും പച്ച തൊടും, അതായത് എന്ത് പ്രതിബന്ധങ്ങൾ വന്നാലും ജയിച്ചു കയറും എന്ന വാശിയോടെയുള്ള മുന്നേറ്റത്തെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. സിനിമയുടെ പ്രമേയം ഒരു റെസ്‌ലിങ് ക്ലബ്ബിനെ ആസ്പദമാക്കിയുള്ളതായതുകൊണ്ട് തന്നെ ആ പോരാട്ടവീര്യത്തെ മോട്ടിവേറ്റ് ചെയ്യുന്ന രീതിയിലാണ് അണിയറപ്രവർത്തകർ ഈ പേര് തിരഞ്ഞെടുത്തത്.
ഫോർട്ട് കൊച്ചിയിലെ ഒരു അണ്ടർ ഗ്രൗണ്ട് റെസ്‌ലിങ് ക്ലബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. അർജുൻ അശോകനും റോഷൻ മാത്യുവിനുമൊപ്പം വിശാഖ് നായർ, പൂജ മോഹൻദാസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ചാണ്. ട്രെയിലറിൽ പരാമർശിക്കുന്ന 'വാൾടർ' എന്ന നിഗൂഢമായ കഥാപാത്രം മമ്മൂട്ടി തന്നെയാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
സിദ്ദിഖ്, മനോജ് കെ. ജയൻ മുതൽ ദുബായ് ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരി വരെ നീളുന്ന വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ. ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
സാങ്കേതിക മികവിന്റെ കാര്യത്തിലും ഈ ചിത്രം ഒരു പടി മുന്നിലാണ്. ബോളിവുഡിലെ ഇതിഹാസ സംഗീത കൂട്ടുകെട്ടായ ശങ്കർ എഹ്‌സാൻ ലോയ് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്നത് ചിത്രത്തിന് വലിയ പ്രതീക്ഷ നൽകുന്നു. ആനന്ദ് സി. ചന്ദ്രന്റെ ഛായാഗ്രഹണവും കലൈ കിങ്‌സന്റെ ആക്ഷൻ രംഗങ്ങളും സിനിമയ്ക്ക് ഒരു അന്താരാഷ്ട്ര നിലവാരം നൽകുന്നു.
റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ നിർമാണം. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. 'ചത്താ പച്ച' മലയാള സിനിമയിലെ വേറിട്ടൊരു പരീക്ഷണമായി മാറുമോ എന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.
Also Read: കുട്ടേട്ടാ, ഒരു ഫോട്ടോ തരുമോ? എന്ന് ബേസിൽ; കളർ മതിയോ എന്ന് ടൊവിനോ; കമന്റ് ബോക്സിൽ കൗണ്ടറടിയുമായി താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us