/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-1-190619.jpg)
/indian-express-malayalam/media/media_files/2025/02/15/XwVaK954lD8bGkXLfVhk.jpg)
ദാവീദ്- ഗോലിയാത്ത് കഥയ്ക്കൊരു പുതുഭാഷ്യം
ശക്തനും അജയ്യനുമായ എതിരാളിക്ക് മുഖാമുഖം നിൽക്കുന്ന താരതമ്യേന ദുർബലനും വിജയസാധ്യത തുലോം കുറഞ്ഞവനുമായൊരു എതിരാളി! ബൈബിൾ കഥകളിലെ ദാവീദിനെയും ഗോലിയാത്തിനെയും ഓർമ്മിപ്പിക്കുന്നൊരു സാഹചര്യമാണത്. ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തിനു ദാവീദ് എന്ന പേരു വന്നതും യാദൃശ്ചികമല്ല. സർവ്വം ജയിച്ചു നിൽക്കുന്ന ഗോലിയാത്തിനെ കവണയും കല്ലുമെറിഞ്ഞ് നിമിഷാർദ്ദം കൊണ്ട് നിലംപതിപ്പിച്ച ഇടയബാലനായ ദാവീദിന്റെ വിജയത്തെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ ചിത്രം. ആ കഥയുടെ ആത്മാംശം പേറുന്ന ചിത്രമാണ് ദാവീദ്.
/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-3-561854.jpg)
ഒരൊറ്റ ഇടി മതി ജീവിതം മാറിമറയാൻ!
മട്ടാഞ്ചേരിയിലെ പുറമ്പോക്ക് ഭൂമിയിൽ ഭാര്യയ്ക്കും മകൾ കുഞ്ഞിയ്ക്കുമൊപ്പം സമാധാനപൂർവ്വമായ ജീവിതം നയിക്കുകയാണ് ആഷിക് അബു ( ആന്റണി വർഗീസ് പെപ്പെ). ഭാര്യയുടെ ജോലിയിലാണ് ആ കുടുംബം കഴിഞ്ഞുപോവുന്നത്. മേലനങ്ങി പണിയെടുക്കാൻ അൽപ്പം മടിയുള്ള കൂട്ടത്തിലാണ് അബു. സിനിമാക്കാരുടെ പരിപാടിയ്ക്ക് ബൗൺസറായി പോവുക എന്നതുമാത്രമാണ് അബു ആകെ ഇഷ്ടപ്പെട്ടു ചെയ്യുന്നൊരു ജോലി. തട്ടിമുട്ടി ജീവിതം മുന്നോട്ടുപോവുന്നതിനിടയിൽ ഒരുദിവസം അബുവിന്റെ ജീവിതം കീഴ്മേൽ മറയുകയാണ്. തുർക്കിയിൽ നിന്നും കൊച്ചിയിലെത്തിയ ലോക ബോക്സിങ് ചാമ്പ്യനിൽ നിന്നും അബുവൊരു കടുത്തവെല്ലുവിളി നേരിടുന്നു. അതൊരു കുരുക്കാണെന്നു മനസ്സിലാക്കി ഒഴിഞ്ഞുമാറാൻ അബു ശ്രമിക്കുന്നുവെങ്കിലും ഒടുവിൽ അതേറ്റെടുക്കേണ്ടത് അയാളുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമായി തീരുന്നു. ആ വെല്ലുവിളി അബു ഏറ്റെടുക്കാൻ അബു ഒരുങ്ങുന്നത്, കേവലം അയാളുടെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല, അയാൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ചില ഭയങ്ങളെ അതിജീവിക്കാൻ കൂടി വേണ്ടിയാണ്.
/indian-express-malayalam/media/media_files/2025/02/15/daveed-peppe-884793.jpg)
പെപ്പെയുടെ ഡേഡിക്കേഷന് കയ്യടിക്കാതെ വയ്യ!
ശാരീരികമായും മാനസികമായുമൊക്കെ അബു എന്ന കഥാപാത്രമായി മാറാൻ പെപ്പെ നല്ല രീതിയിൽ പണിയെടുത്തിട്ടുണ്ട് എന്ന് ചിത്രം കാണുമ്പോൾ മനസ്സിലാവും. രണ്ടു ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്.
/indian-express-malayalam/media/media_files/2025/02/15/mo-ismail-daveed-255306.jpg)
എതിരാളി ശക്തനാവുമ്പോൾ നായകനും കരുത്തനാവും
ഈജിപ്ഷ്യൻ- അമേരിക്കൻ നടനായ മോ ഇസ്മെയിലിന്റെ സ്ക്രീൻ പ്രസൻസും എടുത്തുപറയണം. നല്ലൊരു എതിരാളിയുണ്ടെങ്കിലെ ഏതു നായകനും കൂടുതൽ കരുത്തനാവൂ. റിംഗിൽ കരുത്തുറ്റ എതിരാളിയായി സൈനുൽ അക്മദോവ് നിറഞ്ഞു നിൽക്കുമ്പോഴാണ് അബുവിന്റെ ഇടികൾക്കും കിന്റൽ ഭാരം കാഴ്ചക്കാർക്കു ഫീൽ ചെയ്യുന്നത്.
/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-2-760012.jpg)
മികച്ച പ്രകടനവുമായി ലിജോ മോൾ
ലിജോമോള് ജോസിന്റെ കഥാപാത്രവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അബുവിന്റെ ബലവും കരുത്തും ഷെറിനാണ്, പണിയെടുത്തു ജീവിക്കാനുള്ള മനസ്സുള്ളിടത്തോളം കാലം ആരുടെ മുന്നിലും തലകുനിക്കേണ്ടതില്ലെന്നു വിശ്വസിക്കുന്ന പവർഫുളായ കഥാപാത്രമാണ് ഷെറിന്റേത്. 2025 ലിജോ മോൾക്ക് മികച്ച തുടക്കമാണ് മലയാളത്തിൽ സമ്മാനിച്ചിരിക്കുന്നത്. പൊൻമാൻ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന തിയേറ്ററുകളിലേക്കാണ്, ലിജോമോളുടെ ഈ വർഷത്തെ രണ്ടാമത്തെ ചിത്രമായ ദാവീദും എത്തുന്നത്.
/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-4-992127.jpg)
മിടുമിടുക്കിയാണ് കുഞ്ഞി
പെപ്പെയുടെ മകളായി എത്തിയ കുട്ടികുറുമ്പി ജെസ് സ്വീജനും ഇഷ്ടം കവരും. വളരെ നാച്യുറലായ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ജെസ് സ്വീജൻ എന്ന കൊച്ചുമിടുക്കി.
/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-5-543969.jpg)
വിജയരാഘവന്, സൈജു കുറുപ്പ്, അജു വര്ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്, അച്ചു ബേബി ജോണ് തുടങ്ങിയവരും കഥയുടെ വൈകാരികതയും പിരിമുറുക്കവുമൊക്കെ ഏറ്റവും കയ്യടക്കത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ത്രസിപ്പിക്കുന്ന ആക്ഷൻ സ്വീകൻസുകൾ ധാരാളമുണ്ട് ചിത്രത്തിൽ. മാസ്സ് പടങ്ങളുടെ ആരാധകർക്ക് രോമാഞ്ചം കൊള്ളാനുള്ള നിരവധി രംഗങ്ങളും. ആക്ഷനൊപ്പം കുടുംബബന്ധങ്ങൾക്കും വൈകാരികതയ്ക്കുമൊക്കെ പ്രാധാന്യം നൽകിയാണ് ഗോവിന്ദ് വിഷ്ണു ദാവീദ് ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവും ചേർന്നാണ് ദാവീദിന്റെ ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം എന്റർടെയിനറായി ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാൻ സംവിധായകനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/02/15/daveed-review-highlights-6-834771.jpg)
സാലു കെ തോമസിന്റെ മികച്ച ഫ്രെയിമുകളും ക്യാമറാ മൂവ്മെന്റ്സും ഇംപ്രസീവാണ്. ബോക്സിംഗ് സ്വീകൻസുകളിൽ രാകേഷ് ചെറുമടത്തിന്റെ എഡിറ്റിംഗും ഫാസ്റ്റ് കട്ടുകളും കയ്യടി അർഹിക്കുന്നുണ്ട്. ശരിക്കും ഒരു ബോക്സിംഗ് മത്സരം കാണുന്ന ഫീലാണ് ക്ലൈമാക്സ് രംഗങ്ങൾ സമ്മാനിക്കുന്നത്. ജസ്റ്റിൻ വർഗീസിന്റെ പാട്ടുകളും ചിത്രവുമായി സിങ്ക് ആവുന്നുണ്ട്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. സെഞ്ച്വറി മാക്സ് ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമ്മിച്ചത്. മലയാളസിനിമയിൽ ബോക്സിംഗ് ചിത്രങ്ങൾ പൊതുവെ വിരളമാണ്. ദാവീദിലൂടെ മലയാളികൾക്ക് ലക്ഷണമൊത്തൊരു ബോക്സിംഗ് ചിത്രം ലഭിച്ചിരിക്കുകയാണ്. ആക്ഷൻ സിനിമകളിലെ നായകൻ എന്ന രീതിയിലാണ് പലപ്പോഴും മലയാളി പ്രേക്ഷകർ പെപ്പെയെ നോക്കി കാണുന്നത്. പക്ഷേ ഇത് പെപ്പെയുടെ പതിവുരീതിയിലുള്ള 'അടിയ്ക്ക്-അടി, ഇടിയ്ക്ക്-ഇടി' ടൈപ്പ് ചിത്രമല്ല. കുടുംബനാഥനായ ഒരു പെപ്പെയെ ദാവീദിൽ കാണാം. മനോഹരമായൊരു അച്ഛൻ- മകൾ ബന്ധവും ദാവീദിനു സൗന്ദര്യം പകരുന്നു. കഥയുള്ള, ഇമോഷൻസുള്ള, ക്വിന്റൽ ഭാരമുള്ള ഈ ഇടിപ്പടം നൂറുശതമാനവും തിയേറ്റർ ആമ്പിയൻസ് ആവശ്യപ്പെടുന്ന ചിത്രമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.