ട്രോളൻമാരുടെ പ്രിയപ്പെട്ട ദശമൂലം ദാമുവിന് ഇന്ന് പത്താം പിറന്നാൾ. ഷാഫി സംവിധാനം ചെയ്‌ത ‘ചട്ടമ്പിനാട്’ എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്‌തത് 2009 ഡിസംബർ 24 നാണ്. സിനിമ പുറത്തിറങ്ങി പത്ത് വർഷം കഴിഞ്ഞിട്ടും ‘ചട്ടമ്പിനാടി’ലെ ദശമൂലം ദാമുവിനെ മലയാളികൾ മറന്നിട്ടില്ല. സുരാജിന്റെ ആ കഥാപാത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പൊട്ടിച്ചിരി പടർത്തുകയാണ്. ദശമൂലം ദാമുവില്ലാത്ത ട്രോളുകൾ ഇല്ലെന്നു തന്നെ പറയാം. പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ ഹരിശ്രീ അശോകന്റെ രമണനെയും സലിം കുമാറിന്റെ മണവാളനെയുമെല്ലാം കടത്തിവെട്ടിയാണ് ദശമൂലം ദാമു ട്രോൾ ഗ്രൂപ്പുകളിൽ ഭരണം നടത്തുന്നത്.

ദശമൂലം ദാമുവിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് സുരാജ് വെഞ്ഞാറമൂടിന്. പത്ത് വർഷം കഴിഞ്ഞിട്ടും ഇങ്ങനെയൊരു കഥാപാത്രം പ്രേക്ഷകർ ഓർത്തിരിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് സുരാജ് പറഞ്ഞു. “സിനിമ ഇറങ്ങിയ സമയത്ത് ദാമു എന്ന കഥാപാത്രത്തെ കുറിച്ച് വലിയ സംസാരമൊന്നും നടന്നിരുന്നില്ല. അന്ന് അത്രയ്‌ക്കൊന്നും ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ട്രോളുകളിലൂടെ ദാമുവിന്റെ ഡിമാൻഡ് കൂടി. ഇപ്പോഴും എത്ര ട്രോളുകളാണ് ദാമുവിനെ കുറിച്ച് വരുന്നത്. ശരിക്കും ട്രോളൻമാരോടാണ് നന്ദി പറയേണ്ടത്. എല്ലാ ട്രോളൻമാർക്കും എന്റെ ബിഗ് സല്യൂട്ട്” സുരാജ് വെഞ്ഞാറമൂട് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Read Also: ഈ പയ്യനെന്താ മമ്മൂട്ടിയേക്കാള്‍ ഗൗരവം?; അപൂര്‍വ ചിത്രം

തനിക്ക് ഏറെ ഇഷ്‌ടമുള്ള കഥാപാത്രമാണ് ദശമൂലം ദാമുവെന്ന് സുരാജ് പറയുന്നു. “അത്തരത്തിലൊരു നല്ല കഥാപാത്രം ലഭിച്ചാൽ ഇനിയും ചെയ്യും. ദശമൂലം ദാമു എന്ന കഥാപാത്രത്തെവച്ച് വീണ്ടും സിനിമ ചെയ്യാനുള്ള പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്നുണ്ട്. അക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ദശമൂലം ദാമു ശരിക്കും ഒരു പാവമാണ്. മറ്റുള്ളവർക്കു വേണ്ടിയാണ് സിനിമയിൽ ദാമു അങ്ങനെയൊക്കെ ചെയ്യുന്നത്.” ഇപ്പോഴും ഇടയ്‌ക്കിടെ താൻ ആ സിനിമ കാണാറുണ്ടെന്നും മമ്മൂക്ക അടക്കം പലരും ഇന്നും ആ കഥാപാത്രത്തെ കുറിച്ച് തന്നോട് സംസാരിക്കാറുണ്ടെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ബെന്നി പി.നായരമ്പലമാണ് ചട്ടമ്പിനാട് എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും സുരാജിനും പുറമേ സിദ്ധിഖ്, മനോജ് കെ.ജയൻ, റായ് ലക്ഷ്‌മി, മെെഥിലി എന്നിവരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Read more: ഒരേയൊരു സുരാജ്, രണ്ടുതരം അഭിനേതാക്കൾ; അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook