നാടക രംഗത്തു നിന്ന് സിനിമയിലെത്തിയ ഒട്ടനവധി താരങ്ങളുണ്ട്. യുവ അഭിനേതാക്കളിൽ അങ്ങനെ സിനിമാലോകത്തെത്തിയ താരങ്ങളാണ് ദർശന രാജേന്ദ്രൻ, റോഷൻ മാത്യൂ, കനി കുസൃതി എന്നിവർ. ലോക തിയേറ്ററർ ദിനത്തിൽ ഇവർ ഒരുമിച്ച് ചെയ്ത നാടകത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നടി ലിയോണ ലിഷോയ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. താരങ്ങളായ രാജേഷ് മാധവൻ, ശാന്തി, കനി കുസൃതി, റോഷൻ മാത്യൂ, ദർശന രാജേന്ദ്രൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. “മോളി ചേച്ചി ആൻഡ് എ വെരി നോർമൽ ഫാമിലി” എന്നാണ് അടികുറിപ്പായി നൽകിയത്. ‘എ വെരി നേർമൽ ഫാമിലി’ എന്നു തന്നെയാണ് നാടകത്തിന്റെ പേര്. ദർശന രാജേന്ദ്രൻ, ദിവ്യ പ്രഭ, രാജേഷ് മാധവ് എന്നിവർ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
യുവനടിമാരിൽ ശ്രദ്ധേയയാണ് ലിയോണ ലിഷോയ്. ‘ഇഷ്ക്’, ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി. പ്രമുഖ സിനിമാ സീരിയൽ താരമായ ലിഷോയിയുടെ മകൾ കൂടിയായ ലിയോണയെ ഏറ്റവുമൊടുവിൽ കണ്ടത് ‘ജിന്ന്’ എന്ന ചിത്രത്തിലാണ്. ഏതാനും വർഷങ്ങളായി താൻ അഭിമുഖീകരിക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയെ കുറിച്ച് ലിയോണ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു. എൻഡോമെട്രിയോസിസ് എന്ന രോഗത്തെ കുറിച്ച് കൂടുതൽ പേരെ ബോധവത്കരിക്കാനും ലിയോണയുടെ കുറിപ്പിനു സാധിച്ചു.