ലണ്ടൻ: ഏറ്റവും പുതിയ ജെയിംസ് ബോണ്ട് ചിത്രമായ ‘ബോണ്ട് 25’-ൽ നായക നടനാവുന്ന ഡാനിയല്‍ ക്രെയ്ഗിന് 50 മില്യണ്‍ പൗണ്ട് പ്രതിഫലം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അതായത് ഏകദേശം 450 കോടി രൂപയാണ് ഒറ്റ ചിത്രത്തിനായി ക്രെയ്ഗിന് ലഭിക്കുക. കൂടാതെ നിര്‍മ്മാതാവായും അദ്ദേഹത്തിന് ക്രെഡിറ്റ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയും പ്രതിഫലം ലഭിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായി ക്രെയ്ഗ് മാറും.

‘സ്‌പെക്ട്രാ 007’ ൽ തകർത്തഭിനയിച്ച ഡാനിയേല്‍ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി വെള്ളിത്തിരയിലെത്തുമെന്ന് കഴിഞ്ഞയാഴ്‌ചയാണ് സ്ഥിരീകരിച്ചത്. ഇതിനോടകം നാല് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി ഭാവപ്പകർച്ച നടത്തിയ ഡാനിയേല്‍ ക്രെയ്ഗ് വീണ്ടും ജെയിംസ് ബോണ്ടായി രംഗത്തെത്തുമ്പോൾ ഓസ്കർ ജേതാവായ സുപ്രസിദ്ധ സംവിധായകൻ ഡാനി ബോയല്‍ പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് ഉറപ്പായി.

പ്രശസ്ത ചിത്രമായ ‘സ്ലംഡോഗ് മില്യനെയര്‍’ സംവിധാനം ചെയ്ത ഡാനി ബോയലും ഡാനിയേല്‍ ക്രെയ്ഗും ഏറ്റവും പുതിയ ബോണ്ട് ചിത്രമായ ‘ബോണ്ട് 25’-ൽ പ്രവർത്തിക്കുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് അധികൃതർ സ്ഥിരീകരിച്ചത്.

ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രെയ്ഗ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് പിന്നീട് അദ്ദേഹം തന്റെ നിലപാട് മാറ്റി. അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തിൽ താൻ വെള്ളിത്തിരയിലെത്തുമെന്ന് ഒരു ചാനൽ ടോക് ഷോയിൽ ക്രെയ്ഗ് നേരത്തെ സൂചന നൽകിയിരുന്നു.

ഇക്കാര്യത്തിന് സ്ഥിരീകരണമായതോടെ ആരാധകർ ആവേശത്തിലാണ്. 2015 അവസാനമാണ് ക്രെയ്ഗിന്റെ ‘സ്‌പെക്ട്രാ 007’ എന്ന അവസാന ചിത്രം പുറത്ത് വന്നത്. ബോണ്ട് പരമ്പരയിലെ 24-മത് ചിത്രമായ സ്‌പെക്ട്രായിൽ നൊലൂസിയ സിയാറയായി മോണിക്ക ബെലൂച്ചിയാണ് പ്രത്യക്ഷപ്പെട്ടത്. സാം മെന്‍ഡിസാണ് ‘സ്‌പെക്ട്രാ’ സംവിധാനം ചെയ്തത്. 2006-ലെ ബോണ്ട് ചിത്രമായ കാസിനോ റോയലിലും ഡാനിയല്‍ ക്രെയ്ഗായിരുന്നു നായകന്‍.

പൈന്‍വുഡ് സ്റ്റുഡിയോയില്‍ ഈ വർഷം ഡിസംബറിൽ ‘ബോണ്ട് 25’-ന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. 2019 നവംബറിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇയോൺ പ്രൊഡക്ഷൻസിന്റെ മൈക്കൽ ജി.വില്യംസും ബാര്‍ബറിയ ബ്രൊക്കോലിയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. എംജിഎമ്മിനൊപ്പം ചേർന്ന് യൂനിവേഴ്സല്‍ പിക്ചേഴ്സ് ചിത്രത്തിൻറെ ആഗോള വിതരണത്തിൽ ഏർപ്പെടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ