ബീജിംഗ്: ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോഡ് തിരുത്തിയ രാജമൗലി ചിത്രം ബാഹുബലിക്ക് പിന്നാലെ 1000 കോടി ക്ലബ്ബില്‍ ഇടം നേടി ആമിര്‍ഖാന്‍ ചിത്രം ദംഗല്‍. ചൈനയില്‍ നിന്ന് മാത്രം 382.69 കോടി നേടിയാണ് ഇന്ത്യന്‍ സിനിമാ ചരിത്ര റെക്കോര്‍ഡില്‍ ദംഗലും സ്ഥാനം പിടിച്ചത്. ആദ്യമായി 1000 കോടി നേടുന്ന ബോളിവുഡ് ചിത്രമായും ദംഗല്‍ മാറി.
744 കോടിയായിരുന്നു ചൈനാ റിലീസിന് മുമ്പ് ദംഗലിന്റെ ആഗോളകലക്ഷൻ. ഇന്ത്യൻ ബോക്സ്ഓഫീസിൽ ആയിരം കോടി കടക്കുന്ന ആദ്യചിത്രമെന്ന റെക്കോർഡ് ബാഹുബലി 2 സ്വന്തമാക്കിയിരുന്നു. ചൈനയിൽ ചിത്രത്തിന് കിട്ടിയ വമ്പൻ സ്വീകാര്യതയാണ് റെക്കോർഡ് നേട്ടത്തിന് കാരണമായത്. തായ്വാന് റിലീസിലൂടെ 20 കോടി ഗ്രോസ് ചിത്രം സ്വന്തമാക്കിയിരുന്നു. ദംഗൽ റിലീസിന് മുന്നോടിയായി കഴിഞ്ഞമാസം മധ്യത്തില്‍ ആമിര്‍ഖാന്‍ ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.
ചൈനയിൽ ഗാർഡിയൻസ് ഓഫ് ഗ്യാലക്സി 2 വിന്റെ ബോക്സ്ഓഫിസ് കളക്ഷൻ ദംഗൽ തകർത്തിരുന്നു. ചൈനയിലും ദംഗൽ മികച്ച വിജയം നേടുമെന്ന് ബോക്സ്ഓഫിസ് കളക്ഷനുകൾ നേരത്തേ സൂചന നല്‍കിയിരുന്നു.
ചൈനയിൽ ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്‌ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
ഒൻപതിനായിരം സ്‌ക്രീനുകളിലാണ് ‘ദംഗല്‍’ ചൈനയില്‍ റിലീസ് ചെയ്തത്. ആമിർ ഖാന്റെ ‘പികെ’ ചിത്രവും ചൈനയിൽ റിലീസ് ചെയ്തിരുന്നു. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ നൂറുകോടി നേടിയിരുന്നു.