ശ്രീനഗറിലുണ്ടായ കാറപകടത്തിൽനിന്നും ദംഗൽ നടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ആമിർ ഖാൻ ചിത്രം ദംഗലിൽ ഗീത ഫൊഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കശ്മീരി സ്വദേശി സൈറ വസിമാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. സൈറ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദാൽ തടാകത്തിലേക്ക് മറിയുകയായിരുന്നു. കാറിൽ സൈറയ്ക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു.

അപകടമുണ്ടായ ഉടൻതന്നെ നാട്ടുകാർ സൈറയെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. അപകടത്തിൽ സൈറയ്ക്ക് പരുക്കേറ്റിട്ടില്ലെന്നും സുഹൃത്തിന് ചെറിയ രീതിയിൽ പരുക്ക് പറ്റിയതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ദംഗലിലെ അഭിനയത്തിന് സൈറയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. ആമിർ ഖാനൊപ്പം സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലും സൈറ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ടിരുന്നു. കശ്മീരിലെ ഹവേലി ജില്ലക്കാരിയാണ് സൈറ.

ദംഗലിന്റെ ഓഡിഷന് കൂട്ടുകാർക്കൊപ്പം യാതൊരു പ്രതീക്ഷയുമില്ലാതെയാണ് സൈറ എത്തിയത്. 5000 പെൺകുട്ടികളെ ഓഡിഷൻ നടത്തിയതിൽനിന്നാണ് കുഞ്ഞു ഗീതയായി അഭിനയിക്കാൻ സൈറയെ തിരഞ്ഞെടുത്തത്. സിനിമയിൽ ആദ്യമാണെങ്കിലും പരസ്യ ചിത്രങ്ങളിൽ സൈറ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ