ആമീര്‍ ഖാന്‍ ചിത്രം ദംഗല്‍ കണ്ട ഓരോരുത്തരും ഹൃദയത്തോടു ചേര്‍ത്ത നായികയാണ് സൈറ വസീം. എന്നാല്‍ ആരാധകരെ ദുഃഖത്തിലാഴ്ത്തുന്ന ഒരു പ്രഖ്യാപനമാണ് സൈറ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അഭിനയരംഗത്തേക്ക് കടന്നതോടെ താന്‍ വിശ്വാസത്തില്‍ നിന്ന് അകന്നുവെന്നും അതിനാല്‍ അഭിനയം നിര്‍ത്തുന്നുവെന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റി മറിച്ചു എന്നു പറഞ്ഞുകൊണ്ടാണ് സൈറ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. എന്നാല്‍ താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ദിനത്തില്‍, ഇപ്പോളുള്ള തന്റെ ഈ വ്യക്തിത്വം തനിക്ക് ഒട്ടും സന്തോഷം നല്‍കുന്നില്ലെന്ന് സൈറ പറഞ്ഞു.

ഈ രംഗത്തോട് സമരസപ്പെട്ട് പോവാനാവുമെങ്കിലും ഇതല്ല തന്റെ സ്ഥലമെന്ന് താരം കുറിച്ചിട്ടുണ്ട്. സിനിമാലോകത്തുനിന്നും ഒരുപാട് പിന്തുണയും സ്നേഹവും ലഭിച്ചു, എന്നാല്‍ താന്‍ അറിയാതെ തന്റെ വിശ്വാസത്തില്‍ നിന്നും അകന്നുപോവുകയായിരുന്നു.

തന്റെ വിശ്വാസത്തെ ഹനിക്കുന്ന ചുറ്റുപാടിലും ജോലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെയാണ് മതവുമായുള്ള തന്റെ ബന്ധം പ്രശ്നത്തിലായി. താന്‍ ചെയ്യുന്നതു ശരിയാണെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു വിശ്വസിച്ചത്. എന്നാല്‍ അത് കേവലമൊരു തെറ്റിദ്ധാരണയായിരുന്നു. ജീവിതത്തില്‍ നിന്നും എല്ലാ ബര്‍ക്കത്തും(അനുഗ്രഹവും) നഷ്ടമായതായി പിന്നീടാണ് താന്‍ മനസ്സിലാക്കിയതെന്നും സൈറ പറയുന്നു. ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അഭിനയ രംഗത്തേക്കെത്തിയതിനു ശേഷം കശ്മീര്‍ സ്വദേശിയായ സൈറ വസീമിനെതിരെ പലപ്പോഴും മതമൗലികവാദികളുടെ തീവ്രവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അപ്പോഴെല്ലാം ആമിര്‍ ഖാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ സൈറയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook