നടി, നർത്തകി, ഗായിക, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ആളാണ് ശിൽപ ബാല. ഇപ്പോൾ, സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകരിൽ ഒരാളായി തിളങ്ങുകയാണ് ശിൽപ്പ.
ശിൽപ്പയുടെ കുട്ടിക്കാലത്തുനിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞു ശിൽപ്പയെ ആണ് ചിത്രത്തിൽ കാണാനാവുക. ആ ചിരിയ്ക്ക് അന്നുമിന്നുമില്ല മാറ്റം.
കാഞ്ഞങ്ങാട് സ്വദേശിയായ ശിൽപ്പ പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. ക്ലാസ്സിക്കൽ ഡാൻസർ കൂടിയായ അമ്മയിൽ നിന്നും നാലാം വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശിൽപ്പ വളരെ ചെറുപ്പം മുതലെ നൃത്തവേദികളിലെ സജീവസാന്നിധ്യമാണ്. 2005ലെ അറേബ്യ യൂത്ത് ഫെസ്റ്റിവലിൽ കലാതിലകപട്ടവും ശിൽപ്പയെ തേടിയെത്തി.
ടെലിവിഷൻ പരിപാടികളിലൂടെയാണ് ശിൽപ്പ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 2009ൽ ‘ഓർക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിലൂടെ ശിൽപ്പ അരങ്ങേറ്റം കുറിച്ചു. ‘കെമിസ്ട്രി,’ ‘ആഗതൻ’ എന്നിവയാണ് ശിൽപ്പയുടെ മറ്റു ചിത്രങ്ങൾ.
ഏഷ്യാനെറ്റിലെ ‘കോമഡി എക്സ്പ്രസ്’ എന്ന പരിപാടിയുടെ അവതാരകയായും ശിൽപ്പ തിളങ്ങി. ഒരു റേഡിയോ ജോക്കിയായും ശിൽപ്പ ജോലി ചെയ്തിട്ടുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഒരു യൂട്യൂബ് വ്ലോഗർ കൂടിയാണ് ശിൽപ്പ.
ഡോക്ടറായ വിഷ്ണു ഗോപാൽ ആണ് ശിൽപ്പയുടെ ഭർത്താവ്. ഏക മകൾ യാമിക. കുട്ടിക്കാലത്ത് വിഷ്ണുവും ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിൽ ബിജു മേനോന്റെ മകനായി എത്തിയത് വിഷ്ണുവായിരുന്നു.