അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ ഇങ്ങനെ സിലമ്പരസൻ എന്ന സിമ്പു കൈവയ്‌ക്കാത്ത മേഖലകൾ വളരെ ചുരുക്കം. ബാലതാരമായി സിനിമയിലേക്ക് വന്ന സിമ്പു നായകനിലേക്ക് വളർന്നത് പെട്ടെന്നായിരുന്നു. കരിയറിൽ ഹിറ്റുകളുടെ നീണ്ടൊരുനിര തന്നെ സിമ്പുവിന്റെ പേരിലുണ്ട്. അവയിൽ 2010 ൽ പുറത്തിറങ്ങിയ ‘വിണ്ണെത്താണ്ടി വരുവായ’ എന്ന സിനിമ സിമ്പുവിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റായിരുന്നു.

സിനിമയിൽ തിളങ്ങിനിന്നതിനൊപ്പം വിവാദങ്ങളും സിമ്പുവിനെ വിടാതെ പിടികൂടി. സഹതാരങ്ങളുമായുളള സിമ്പുവിന്റെ പ്രണയവും പ്രണയത്തകർച്ചയും വലിയ വാർത്തകളായി. അതിൽതന്നെ നയൻതാരയും സിമ്പുവും തമ്മിലുളള ബന്ധം ഗോസിപ്പ് കോളങ്ങളിൽ ഏറെക്കാലം നിറഞ്ഞുനിന്നു. പിന്നീട് നയൻതാരയുമായുളള പ്രണയത്തകർച്ചയ്ക്കുശേഷം ഹൻസികയുമായുളള സിമ്പുവിന്റെ പ്രണയവും വാർത്തകളിൽ ഇടം നേടി. പക്ഷ അധികനാൾ ആ പ്രണയവും നീണ്ടുനിന്നില്ല.

അടുത്തിടെ, എഎഎ അഥവാ അൻപാനവൻ അസറാതവൻ അടങ്കാതവൻ എന്ന സിനിമയുടെ നിർമ്മാതാവ് സിമ്പുവിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തി. ചിത്രത്തിന്റെ പരാജയത്തിന് കാരണം നടൻ ചിമ്പുവാണെന്നും സിനിമ മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പു നികത്തണമെന്നുമാണ് ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കിൾ റായപ്പൻ ആവശ്യപ്പെട്ടത്. നിർമ്മാതാവിന്റെ ആരോപണങ്ങൾക്ക് സിമ്പു പരസ്യമായി മാപ്പു പറയുകയും ചെയ്തു.

ചെയ്തുപോയ തെറ്റുകൾക്ക് പൊതുവേദിയിൽ ക്ഷമ ചോദിച്ച് സിമ്പു

വിവാദങ്ങൾ സിമ്പുവിനെ സിനിമാ ജീവതത്തെയും ബാധിച്ചു. ബോക്സോഫിൽ സിമ്പുവിന്റെ ചിത്രങ്ങൾ കനത്ത പരാജയം ഏറ്റു വാങ്ങിയത് താരത്തിന്റെ താരത്തിളക്കം കുറച്ചു. 2016ൽ സിമ്പു അഭിനയിച്ച രണ്ടു സിനിമകളും ബോക്സോഫിസിൽ പരാജയം ഏറ്റുവാങ്ങി. 2017 ൽ താരത്തിന്റേതായി ഒരു സിനിമയും പുറത്തുവന്നില്ല. ഇപ്പോൾ മണിരത്നത്തിന്റെ സെക്ക സിവന്ത വാനം സിനിമയിലാണ് സിമ്പു അഭിനയിക്കുന്നത്. തമിഴകത്തെ സിമ്പുവിന്റെ മടങ്ങിവരവിന് ഈ ചിത്രം കളമൊരുങ്ങുമെന്നാണ് ആരാധകർ കരുതുന്നത്.

സിനിമയിൽ സജീവനല്ലെങ്കിലും ടെലിവിഷൻ ഷോകളിൽ സിമ്പു സജീവനാണ്. സീ തമിഴ് ചാനലിലെ ഡാൻസ് ജോഡി ഡാൻസ് ഷോയുടെ ഗ്രാന്റ് ഫിനാലെയിൽ അതിഥിയായെത്തിയത് സിമ്പു ആയിരുന്നു. പക്ഷേ ഷോയിൽ സിമ്പുവിന് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണുണ്ടായത്.

സംസാരശേഷി നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ചികിൽസാ ചെലവ് സിമ്പു ഏറ്റെടുത്തിരുന്നു. തന്റെ ഒരു ആരാധകൻ മുഖേനയാണ് സിമ്പു കുട്ടിയുടെ അസുഖത്തെക്കുറിച്ചുളള വിവരം അറിഞ്ഞതും ചികിൽസാ ചെലവ് ഏറ്റെടുത്തതും. ആ പെൺകുട്ടിയെ ഷോയിൽ എത്തിച്ചാണ് അണിയറപ്രവർത്തകർ സിമ്പുവിനെ ഞെട്ടിച്ചത്. സംസാരശേഷി വീണ്ടെടുത്ത കുട്ടി സിമ്പുവിനെ പേര് ചൊല്ലി വിളിക്കുന്നതുകേട്ട് നടൻ പൊട്ടിക്കരഞ്ഞുപോയി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ