Dakini Review: അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നാലു പ്രതിഭാധനരായ നടിമാർ തകർത്തു വാരിയ ചിത്രമാണ് ‘ഡാകിനി’. സൂപ്പർ താരങ്ങളുടെ സാന്നിധ്യമോ വലിയ ബഡ്ജറ്റോ ഒന്നുമില്ലെങ്കിലും രസകരമായൊരു കഥയും അതിനിണങ്ങിയ കഥാപാത്രങ്ങളെയും കണ്ടെത്താൻ കഴിഞ്ഞാൽ ഏതു ചെറിയ സിനിമയ്ക്കും തിയേറ്ററുകളെ രസിപ്പിക്കാനാവുമെന്ന് കാണിച്ചു തരികയാണ് സംവിധായകൻ രാഹുൽ റിജി നായർ.

വൽസല, മോളിക്കുട്ടി, സരോജം, റോസ്‌മേരി എന്നീ നാലു അമ്മൂമ്മമാരുടെ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും അവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടെയും കഥയാണ് ‘ഡാകിനി’. ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന സമപ്രായക്കാരായ, ഏറെക്കുറെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന നാലു അമ്മൂമ്മമാർ. ആരെങ്കിലും അമ്മച്ചീ എന്നു വിളിക്കുമ്പോൾ ‘ആരാടാ നിന്റെ അമ്മച്ചി’ എന്ന് ചങ്കൂറ്റത്തോടെ തിരിച്ചു ചോദിക്കുന്ന കില്ലാടികളുമുണ്ട് കൂട്ടത്തിൽ. പ്രായമായ കാലത്ത് ദൈവത്തിനെ വിളിച്ചിരിക്കണം എന്ന പതിവു നടപ്പുരീതികളിൽ നിന്നുമാറി വാട്സ്ആപ്പ് വേണമെന്നാഗ്രഹിക്കുന്നവർ. പ്രേമിക്കുന്ന കാലത്തൊക്കെ വാട്സ് ആപ്പ് ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നെന്ന് കൊതിക്കുന്നവർ. എന്തിനും ഏതിനും അവർക്ക് സഹായിയായി കൂടെ നിൽക്കുന്ന ജീമോൻ എന്ന കുട്ടാപ്പി. കുസൃതികളും തമാശകളുമൊക്കെയായി കടന്നു പോകുന്ന അവരുടെ ജീവിതത്തിലേക്ക് അമ്മച്ചിമാരിൽ ഒരാളുടെ പഴയ കാമുകൻ തിരിച്ചെത്തുന്നതും തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതു സംഭവങ്ങളുമൊക്കെയാണ് ‘ഡാകിനി’ പറഞ്ഞു പോവുന്നത്.

Dakini Review: ‘ഡാകിനി’ ഒരു ഹ്യൂമർ-ത്രില്ലർ ഴോണറിൽ വരുന്ന ചിത്രമാണ്. ഫാന്റസിയും ഡ്രാമയും ഇമോഷണൽ എലമെന്റുകളും എല്ലാമുള്ള വളരെ റിലാക്സ്ഡായി കാണാവുന്ന ഒരു ചെറിയ ഫൺ മൂവി. ന്യൂജനറേഷൻ ഭാഷയിൽ പറഞ്ഞാൽ, നാല് അഡാർ അമ്മൂമ്മമാരുടെ മാസ് പടം. ഒരു കോമിക് സീൻ വായിക്കുന്ന ലാഘവത്തോടെ ചിത്രം കണ്ടിരിക്കാം.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ പൗളി വൽസനും സേതുലക്ഷ്മിയും സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധറും മികച്ച അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. കുസൃതിയും കുറുമ്പും സ്നേഹവുമെല്ലാമുള്ള കൂട്ടുകാരികളായി നാലു പേരും ജീവിക്കുകയാണ് സിനിമയിൽ. നാലു പേർക്കും തുല്യ പ്രാധാന്യം തന്നെ ചിത്രത്തിൽ നൽകാൻ സംവിധായകൻ രാഹുലും ശ്രമിച്ചിട്ടുണ്ട്. അമ്മൂമ്മമാർക്കൊപ്പം സിനിമയെ രസകരമായി മുന്നോട്ട് കൊണ്ടുപോവുന്നത് അജു വർഗീസും ചെമ്പൻ വിനോദും ഇന്ദ്രൻസും അലൻസിയറും സൈജു കുറുപ്പുമൊക്കെയാണ്. പുതുമുഖം രഞ്ജിത്തും തന്റെ റോൾ മനോഹരമാക്കിയിട്ടുണ്ട്. പ്രേക്ഷകരിൽ ചിരിയുണർത്തുന്ന നിരവധി മൂഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്.

Dakini Review: തന്റെ ആദ്യചിത്രമായ ‘ഒറ്റമുറി വെളിച്ച’ത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ സംവിധായകനായ രാഹുൽ രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഓഫ്ബീറ്റ് സ്വഭാവമുള്ള തന്റെ ആദ്യ സിനിമയിൽനിന്നും തീർത്തും വ്യത്യസ്തമായി കൊമേഴ്സ്യൽ രീതിയിലാണ് രാഹുൽ ഈ കഥയൊരുക്കിയിരിക്കുന്നത്. ഫാന്റസിയും കോമിക് സ്വഭാവമുള്ള എലമെന്റുകളും കൂടി ചേരുന്ന തിരക്കഥയ്ക്ക് പറയാൻ വലിയ കഥാമുഹൂർത്തങ്ങൾ ഒന്നുമില്ലെങ്കിലും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കുന്നുണ്ട്.

മികച്ച ദൃശാനുഭവം സമ്മാനിക്കുന്ന രീതിയിലാണ് അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രകൃതി ദൃശ്യങ്ങളെല്ലാം മനോഹരമായി തന്നെ ഒപ്പിയെടുത്തിരിക്കുന്നു. ഇൻഡോർ സീനുകൾക്ക് അൽപ്പം മിസ്റ്റിക് സ്വഭാവമുള്ള ഒരു ട്രീറ്റ്മെന്റാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയുടെ ലാഗിംങ്ങ് ആണ് ചിത്രത്തിന്റെ പോരായ്മയായി എടുത്തു പറയാവുന്ന ഒരു കാര്യം. എഡിറ്റിംഗിൽ കുറച്ചു കൂടി മുറുക്കം പുലർത്താമായിരുന്നു എന്നു തോന്നി.

Dakini Review: ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകർന്നു കെ എസ് ഹരിശങ്കർ, അമൃത ജയകുമാർ എന്നിവർ ആലപിച്ച ‘എൻ മിഴി പൂവിൽ… കിനാവിൽ.. നിൻ മുഖം വീണ്ടും വന്നിതാ നിനവേ…’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിനു മുൻപു തന്നെ പാട്ടു പ്രേമികൾ ഏറ്റെടുത്ത ഗാനമാണ്. പതിഞ്ഞ താളത്തിൽ പോവുന്ന പാട്ട് കേൾവിക്കു സുഖം നൽകുന്നുണ്ട്. എന്നാൽ, സിയാ ഉൽ ഹഗ് പാടിയ ‘പാക്കിരി പാക്കിരി പാക്കിരി.. പതിരു തിരിഞ്ഞു വാ…’ എന്ന അടിപൊളി ‘ഓളം’ സോംഗ് ‘വിക്രം വേദ’യിലെ ‘ടസക്ക് ടസക്ക്’ എന്ന ഗാനത്തെ എവിടെയോ ഓർമിപ്പിക്കുന്നുണ്ട്. എങ്കിലും, വിജയ് സേതുപതിയെ കൊണ്ടാകുമോ ഇങ്ങനെ? എന്നു പാട്ടിനൊടുവിൽ ഞെട്ടിച്ചു കളയുകയാണ് അമ്മൂമ്മമാരിൽ ഒരാളായ സാവിത്രി ശ്രീധർ. പാട്ടിനൊടുവിലെ സാവിത്രിയുടെ ‘ഫുൾ സ്ലിപ്റ്റ്’ ആക്ഷൻ കണ്ടാൽ ചെറുപ്പക്കാരുടെ പോലും കിളി പോകും. ഗോപിസുന്ദറിന്റെ ബിജിഎമ്മും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്.

മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഒന്നിച്ചാണ് ‘ഡാകിനി’ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ‘തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും’ ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

കോമഡിയെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളും അമിത പ്രതീക്ഷകളുമെല്ലാം മാറ്റി വച്ച് രണ്ടര മണിക്കൂർ എല്ലാം മറന്ന് ചിരിച്ചുല്ലസിക്കാനുള്ള കോള് ‘ഡാകിനി’ കാത്തു വെച്ചിട്ടുണ്ടെന്നു തന്നെ പറയാം. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ ചുറുചുറുക്കോടെ ഈ അമ്മക്കൂട്ടം സ്ക്രീനിൽ നിറയുമ്പോൾ പ്രേക്ഷകരും സിനിമയ്ക്കൊപ്പം സഞ്ചരിച്ചു തുടങ്ങും, തീര്‍ച്ച.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ