മുണ്ടും നേര്യതും സാരിയുമൊക്കെ ഉടുത്ത് വാത്സല്യത്തിന്റെയും സഹനത്തിന്റെയും ആൾരൂപങ്ങളായി മാറുന്ന, കണ്ണീർ കഥാപാത്രങ്ങളായ, നാമമാത്ര പ്രധാനമായ സ്റ്റീരിയോ ടൈപ്പ് അമ്മമാർ മലയാള സിനിമയിൽ നിന്നും ഏറെക്കുറെ പിൻവാങ്ങി തുടങ്ങിയിരിക്കുന്നു. ‘മനസ്സിനക്കരെ’യിലെ ഷീലയുടെ കൊച്ചുത്രേസ്യയും ‘പോത്തൻ വാവ’യിലെ ഉഷാ ഉതുപ്പിന്റെ കുരിശുവീട്ടിൽ മറിയാമ്മയും ‘ഒരു മുത്തശ്ശി ഗദ’യിലെ രജനി ചാണ്ടിയുടെ ലീലാമ്മയെന്ന റൗഡി മുത്തശ്ശിയും ഭാഗ്യലക്ഷ്മിയുടെ സൂസമ്മയും എല്ലാം സ്റ്റീരിയോ ടൈപ്പ് അമ്മ വേഷങ്ങൾക്ക് മോചനം നൽകി ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ ഹൃദയം കീഴടക്കിയവരാണ്.

Read More: ജഗജില്ലി അമ്മക്കൂട്ടത്തിന്റെ ‘ഡാകിനി’ ഇന്ന് മുതല്‍

ഇപ്പോഴിതാ, നാല് കില്ലാടി അമ്മമാർ കൂട്ടത്തോടെ വരികയാണ് ‘ഡാകിനി’ എന്ന ചിത്രത്തിലൂടെ. രാഹുൽ റെജി നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഡാകിനി’യെന്ന, ഇന്ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങൾ നാലു അമ്മമാരാണ്. മികച്ച സഹനടിയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാർഡ് ജേതാവ് പൗളി വൽസൻ, സേതുലക്ഷ്മി, ‘സുഡാനി ഫ്രം നൈജീരിയ’യെന്ന ഒറ്റസിനിമ കൊണ്ട് മലയാളികളെ മൊത്തം കണ്ണീരണിയിച്ച ഉമ്മമാരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധർ എന്നിവരാണ് ‘ഡാകിനി’ എന്ന വേറിട്ട ചിത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കാനെത്തുന്നത്. ‘ഒറ്റമുറി വെളിച്ചം’ എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സിനിമക്കുള്ള സംസ്‌ഥാന അവാർഡ്‌ നേടിയ രാഹുൽ റിജി നായർ, സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളെ മുഴുവൻ വിസ്മയിപ്പിച്ച ഈ നാലു അമ്മമാരെയും ഒന്നിച്ച് സ്ക്രീനിലെത്തിക്കുമ്പോൾ എന്തു മാജിക്കാണ് സംഭവിക്കാൻ പോകുന്നതെന്ന കൗതുകത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

 

‘ഡാകിനി’ ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോള്‍മ്പോൾ മലയാളികൾ ഈ കിടിലൻ അമ്മക്കഥാപാത്രങ്ങളെ എങ്ങനെ വരവേൽക്കുമെന്ന ടെൻഷനിലും ചിത്രത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷയിലുമാണ് ഇവർ നാലുപേരും. ‘ഡാകിനി’യിലെ കേന്ദ്രകഥാപാത്രങ്ങളായ, കട്ടയ്ക്ക് കട്ടയ്ക് നിൽക്കുന്ന ജഗജില്ലി അമ്മക്കൂട്ടമായ പൗളി വൽസനും സേതുലക്ഷ്മിയും സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധറും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുന്നു.

“വല്യ പ്രതീക്ഷയുള്ളൊരു പടമാണ് മക്കളേ. ഞങ്ങൾ നാലു പെണ്ണുങ്ങളും അജുവർഗ്ഗീസും ചെമ്പൻ വിനോദും തുടങ്ങി ഒരുപാട് പേരുള്ള സിനിമയാണ്. എല്ലാവരും തന്നെ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്ക്കു വേണ്ടി സംവിധായകൻ രാഹുൽ നല്ല ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ നാലു പെണ്ണുങ്ങൾക്കും തുല്യ പ്രാധാന്യമാണ് സിനിമയിൽ. കൂടെ അഭിനയിച്ചവരെല്ലാം നല്ല സപ്പോർട്ടായിരുന്നു. കൂട്ടത്തിൽ എനിക്കാണ് ഏറ്റവും പ്രായം. 77 കഴിഞ്ഞെനിക്ക്. ഒരു ഫാമിലി പോലെ തോന്നിക്കുന്ന നാലു കൂട്ടുകാരുടെ കഥയാണ്. വിലാസിനി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. എനിക്ക് നല്ല പ്രതീക്ഷയുണ്ട്, ആദ്യ ഷോ കഴിഞ്ഞിട്ട് ജനങ്ങൾ വേണമല്ലോ തീരുമാനിക്കാൻ. ജനങ്ങൾ നല്ല പ്രതികരണം തരണമെന്ന് പ്രാർത്ഥിക്കുന്നു,” സേതുലക്ഷ്മി പറയുന്നു.

Image may contain: 2 people

മലയാള സിനിമയിൽ തിരക്കേറുന്ന താരങ്ങളിൽ ഒരാളായ സേതുലക്ഷ്മി ഷൂട്ടിംഗ് സെറ്റുകളിൽ നിന്നും ഷൂട്ടിംഗ് സെറ്റുകളിലേക്കുള്ള ഓട്ടത്തിലാണ്.

“ഇന്ന് വീട്ടിൽ എത്തിയതേയുള്ളൂ. നാളെ തന്നെ ലാൽജോസിന്റെ പുതിയ ചിത്രത്തിന്റെ പയ്യന്നൂരിലെ ലൊക്കേഷനിലേക്കു പോവണം,” സേതുലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

“ഗംഭീര സംഭവമായിരുന്നു മോനേ… എല്ലാവരും ഭയങ്കര ഹാപ്പിയായിരുന്നു ലൊക്കേഷനിൽ. ഇങ്ങനെ ഒരു സിനിമ ഇനിയുണ്ടാകുമോ എന്നു തോന്നുന്നില്ല. അത്രയും രസമായിരുന്നു ഷൂട്ടിംഗ് ഒക്കെ. എല്ലാ അമ്മമാരും ഒന്നിച്ചു കൂടിയ സന്തോഷം ഒന്നു വേറെ തന്നെയായിരുന്നു” പൗളി വത്സൻ പറയുന്നു.

ഡാകിനിയിലെ കുസൃതിയും സാമർത്ഥ്യവുമുള്ള അമ്മക്കൂട്ടത്തിൽ ഒരാളായി എത്തുന്ന പൗളി വത്സന്റെ കഥാപാത്രത്തിന്റെ പേര് മോളി എന്നാണ്.

“മോളി ഒരു കാമുകിയാണ്, വയസ്സാൻ കാലമായപ്പോൾ തിരിച്ചെത്തുന്ന പഴയ കാമുകനുമുണ്ട്”, പൗളി വെളിപ്പെടുത്തി.

“ഊട്ടിയിലായിരുന്നു ഡാകിനിയുടെ കുറച്ചു ദിവസത്തെ ഷൂട്ടിംഗ്. നല്ല തണുപ്പായിരുന്നു അവിടെ. പക്ഷേ വിഷമം ഒന്നും ഉണ്ടായിട്ടില്ലാട്ടോ. നന്നായി ചെയ്യാൻ പറ്റിയെന്നു വിചാരിക്കുന്നു. സരോജം എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. സാവിത്രിയും സിനിമേൽ ഉണ്ട്. ഞങ്ങള് രണ്ടാളും കോഴിക്കോട്കാരാണല്ലോ, പഴയ കൂട്ടുകാരും. പോരാത്തതിന് ‘സുഡാനി’ക്കാരും. ബാക്കിയുള്ളവരും നാടകത്തിൽ നിന്നും വന്നവരായതുകൊണ്ട് നല്ല കമ്പനിയായിരുന്നു. സിനിമ ഇന്ന് ഇറങ്ങാൻ പോവാണ്, അതിന്റെ ബേജാറായിട്ട് ഇരിപ്പാണ്”, സരസ ബാലുശ്ശേരി ടെന്‍ഷന്‍ പങ്കു വച്ചു.

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഏറെ പ്രശംസ നേടിയ ഉമ്മവേഷങ്ങൾക്കു ശേഷം സരസ ബാലുശ്ശേരിയും സാവിത്രി ശ്രീധറും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഡാകിനി’.

Image may contain: 4 people, people standing

റോസ്മേരി എന്ന കഥാപാത്രമായാണ് സാവിത്രി ശ്രീധർ അഭിനയിക്കുന്നത്.

“നാടകത്തിലൊക്കെ കുറേ കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു വേഷം ആദ്യായിട്ടാണ് ചെയ്യുന്നത്. എല്ലാവരും നല്ല പിന്തുണ തന്നു”, സാവിത്രി ശ്രീധറിന്റെ വാക്കുകള്‍.

ഗൗണൊക്കെയിട്ട് ബോബ് ചെയ്ത മുടിയുമൊക്കെയായി രസകരമായ ഗെറ്റപ്പിലാണ് സാവിത്രി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കൂട്ടത്തിലെ സ്റ്റൈലിഷ് ഗെറ്റപ്പും റോസ്മേരിയുടേതാണ്.

വാർധക്യം ഉത്സവമാക്കുന്ന അമ്മക്കൂട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദും സൈജു കുറുപ്പും അജു വര്‍ഗീസും, അലന്‍സിയറും ഇന്ദ്രന്‍സുമെല്ലാം പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഉർവശി തീയേറ്റേഴ്സ്, യൂണിവേഴ്സൽ സിനിമ എന്നിവയുടെ ബാനറിൽ ബി രാകേഷ്, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരാണ് നിർമാണം. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ചിത്രം വിതരണം ചെയ്യും. ക്യാമറ അലെക്സ് ജെ പുളിക്കല്‍, എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം രാഹുല്‍ രാജ്, പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ