സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയ പാർവ്വതിയെ പിന്തുണച്ച് ഗായിക ചിന്മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് പാർവ്വതിയെ പിന്തുണച്ച് ചിന്മയി എത്തിയത്.

”പൊലീസിൽ പരാതി നൽകിയതിനെ അഭിനന്ദിക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ആക്രമണം നടത്തുന്നവർ മുഖംമൂടി ധരിച്ചിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു കൂട്ടം തമിഴ് ട്വിറ്റേറിയൻസ് എന്നെ ഭീഷണിപ്പെടുത്തി. അവർക്കെതിരെ സോഷ്യൽ മീഡിയ വഴി ഞാനൊരു ക്യാംപെയിൻ നടത്തി. രണ്ടുപേരെ ജയിലിൽ അടച്ചു. അതിലൊരാൾ കലക്ടറേറ്റിലെ ക്ലർക്കാണ്, മറ്റൊരാൾ നിഫ്റ്റിലും (നഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി). മദ്രാസ് ഹൈക്കോടതിയിൽ ഇപ്പോഴും അതിന്റെ കേസ് നടക്കുന്നു. ഈ നീചന്മാർ ജാതീയമായി അധിക്ഷേപിക്കാം, ആസിഡ് ആക്രമണവും ബലാൽസംഗ ഭീഷണിയും മുഴക്കാം, അവയെ തരണം ചെയ്യുക അത്ര എളുപ്പമല്ല, പക്ഷേ ധൈര്യമായി മുന്നോട്ടും പോകണം” ചിന്മയി ട്വീറ്റ് ചെയ്തു.

കൂട്ട ബലാൽസംഗം ചെയ്യുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും തുടരെത്തുടരെ ഭീഷണികൾ ലഭിച്ചതിനെത്തുടർന്നാണ് ചിന്മയി തന്റെ ട്വിറ്റർ പേജിലൂടെ ക്യാംപെയിൻ നടത്തിയത്. തനിക്കെതിരെ ഭീഷണി മുഴക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ചിന്മയിയുടെ ക്യാംപെയിൻ. ചെയ്ഞ്ച് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റില്‍ ചിന്‍മയി പോസ്റ്റ് ചെയ്ത ഓൺലൈൻ പരാതിക്കു നിരവധി പേരാണ് പിന്തുണ നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

Read More: സൈബര്‍ ആക്രമണം: നടി പാർവ്വതി പരാതി നല്‍കി

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെയാണ് നടി പാര്‍വ്വതി ഇന്ന് പൊലീസില്‍ പരാതി നല്‍കിയത്. വ്യക്തിഹത്യ നടത്തിയതായി നടി പരാതിയിൽ പറയുന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. “പാർവ്വതിയുടെ പരാതി ഓൺലൈനായാണ് ലഭിച്ചത്. ഇതിൽ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയുടെ ലിങ്കുകളാണ് ഉള്ളത്. പക്ഷെ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയുടെ ഔദ്യോഗിക മറുപടിക്കായി കത്തയക്കും. കേസിന്റെ അന്വേഷണ ചുമതല സൗത്ത് സിഐ സിബി ടോമിനാണ്. മറുപടി ലഭിച്ചാലുടൻ അദ്ദേഹത്തിന് കൈമാറും”, കൊച്ചി സിറ്റി സൈബർ സെൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook