കൊച്ചി: നടി പാർവ്വതിക്കെതിരെ വീണ്ടും സൈബർ ആക്രമണം. പാർവ്വതിയും പൃഥ്വിരാജും നായിക നായകൻമാരായി എത്തുന്ന മൈ സ്റ്റോറി എന്ന സിനിമയുടെ മേക്കിങ് വിഡിയോയ്ക്ക് ഡിസ്‌ലൈക്കുകളുടെ പെരുമഴയാണ്. ഇതിനോടകം രണ്ടു ലക്ഷത്തോളം പേർ വിഡിയോ കണ്ടിട്ടുണ്ട്. ഇതിൽ നാലായിരത്തിലധികം പേർ വിഡിയോ ലൈക്ക് ചെയ്തപ്പോൾ നാൽപതിനായിരത്തിലധികം പേരാണ് ഡിസ്‌ലൈക്ക് ബട്ടൺ അമർത്തിയത്. രണ്ടായിരത്തി എഴുന്നൂറോളം കമന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്. ഭൂരിഭാഗം കമന്റുകളും സിനിമ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടുളളതാണ്.

ഇന്നലെ പുറത്ത് വിട്ട മേക്കിങ് വിഡിയോക്കെതിരെ വമ്പൻ ഡിസ്‌ലൈക്ക് ക്യാമ്പയിൻ ആണ് നടക്കുന്നത്. അതേസമയം, ഇതിന്റെ ഒറിജിനൽ പാട്ടിന്റെ വിഡിയോയ്ക്കും ലൈക്കുകളെക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകളാണ്. എൺപതിനായിരത്തിലധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. നാലായിരത്തോളം പേർ വിഡിയോ ലൈക്ക് ചെയ്തപ്പോൾ പതിനേഴായിരത്തിലധികം പേരാണ് ഡിസ്‌ലൈക്ക് അടിച്ചത്.

കസബ സിനിമയെ വിമർശിച്ച ദിനം മുതൽ നടി പാർവ്വതിക്കെതിരെ നവമാധ്യമങ്ങളിൽ വ്യാപക ആക്രമണമാണ് ഉയരുന്നത്. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാർവ്വതി മമ്മൂട്ടി ചിത്രമായ ‘കസബ’ യെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാർവ്വതി പറഞ്ഞത്. ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാർവ്വതിക്ക് നേരിടേണ്ടി വന്നത്. ആക്രമണം ശക്തമായതോടെ നടി പരാതി നൽകി. പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നു നിന്റെ മൊയ്തീനുശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. കോസ്റ്റ്യൂം ഡിസൈനറായ റോഷ്ണി ദിനകർ ആണ് ചിത്രത്തിന്റെ സംവിധായിക. കഴിഞ്ഞ നവംബറിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. പോർചുഗൽ ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. പൃഥ്വിരാജിന് ഡേറ്റില്ലാത്തതിനാൽ ചിത്രീകരണം മുടങ്ങിയതായി ചൂണ്ടിക്കാട്ടി സംവിധായക രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു.

Read More: പൃഥ്വിരാജിന് ഡേറ്റില്ല, നവാഗത സംവിധായകയുടെ ചിത്രം പെരുവഴിയിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook