ഏതു ഭാഷക്കാരായാലും വേണ്ടില്ല, തങ്ങളുടെ താരങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ പോയി ചീത്തവിളിക്കുക എന്നത് മലയാളിയുടെ സ്ഥിരം സ്വഭാവമായി മാറിയിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞാല്‍ മാത്രമല്ല, ഒന്നും പറഞ്ഞില്ലെങ്കിലും ഇപ്പോള്‍ പൊങ്കാലയിടും എന്നതാണ് അവസ്ഥ.
മലയാളികളുടെ ഈ രോഷപ്രകടനത്തിന്റെ ഏറ്റവും പുതിയ ഇര ബോളിവുഡ് താരം രാകുല്‍ പ്രീതാണ്. രാകുലിനെതിരെ അസഭ്യം പറയുന്നവരാകട്ടെ മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് എന്നു പറയുന്നവരും.
ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ ‘മഹാനടി’ എന്ന ചിത്രത്തെക്കുറിച്ചുള്ള രാകുലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തിന് ആധാരം. ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ എടുത്തു പറഞ്ഞ് അഭിനന്ദിച്ച രാകുല്‍ ദുല്‍ഖറിന്റെ പേര് പറഞ്ഞില്ല എന്നതാണ് ഇവരെ പ്രകോപിതരാക്കിയത്.
‘ഒടുവില്‍ മഹാനടി കണ്ടു. അതൊരു മാസ്റ്റര്‍ പീസാണ്. ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. സാവിത്രി ഗാരു എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടും. കീര്‍ത്തി സുരേഷ്, എന്തൊരു പ്രകടനമായിരുന്നു! നമിച്ചു… സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട,’ എന്നായിരുന്നു രാകുല്‍ കുറിച്ചത്.
മനഃപൂര്‍വ്വം രാകുല്‍ പ്രീത് ദുല്‍ഖറിന്റെ പേര് വിട്ടു കളഞ്ഞതാണെന്നും, ഇവരെയൊക്കെ കണ്ടിട്ടും തങ്ങളുടെ ‘കുഞ്ഞിക്കയെ’ കണ്ടില്ലേ എന്നുമെല്ലാം ചോദിച്ചാണ് രാകുലിനെതിരെയുള്ള ആക്രമണം.