പൃഥ്വിരാജിനെയും പാര്‍വ്വതിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായിക റോഷ്‌നി ദിനകര്‍ ഒരുക്കിയ മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നതുമുതല്‍ ഡിഡ്‌ലൈക് പ്രചരണം വ്യാപകമാണ് സോഷ്യല്‍ മീഡിയയില്‍. ഡിഡ്‌ലൈക്കുകള്‍ ഒരു ലക്ഷം കഴിയുമ്പോളും കലിയടങ്ങാതെ പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആളുകള്‍ ഭീഷണി മുഴക്കുകയാണ്. പാര്‍വ്വതി അഭിനയിച്ചതിനാല്‍ സിനിമ കാണില്ലെന്നും സിനിമയെ പരാജയപ്പെടുത്താന്‍ പരമാവധി ശ്രമിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

Read More: പാർവ്വതിക്കെതിരായ ആക്രമണം, നമ്മുടെ അസഹിഷ്ണുതയുടെ അടയാളം

മമ്മൂട്ടി ചിത്രം കസബയെ രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വച്ച് വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍വ്വതി വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടുവരികയാണ്. ഈ സാഹചര്യത്തിലാണ് പാട്ടിനു നേരെയും ആക്രമണം നടക്കുന്നത്. പത്തു ലക്ഷം ആളുകള്‍ ഇതിനോടകം പാട്ട് കണ്ടു കഴിഞ്ഞു. പൃഥ്വിരാജിനോട് സ്‌നേഹമാണെന്നും എന്നാല്‍ പാര്‍വ്വതിയോടുള്ള ദേഷ്യം കൊണ്ടാണ് തങ്ങള്‍ സിനിമ ബഹിഷ്‌കരിക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. പാര്‍വ്വതിയെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും മടിക്കുന്ന കാലം വിദൂരമല്ല എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.

അതേസമയം, എന്തുവന്നാലും ഈ സിനിമ കാണുമെന്നും പാര്‍വ്വതിയുടെ അഭിപ്രായപ്രകടനത്തില്‍ തെറ്റില്ലെന്നും പറഞ്ഞ് സിനിമയേയും പാട്ടിനേയും പിന്തുണയ്ക്കുന്ന ചെറിയൊരു കൂട്ടം ആളുകളേയും കമന്റ് ബോക്‌സുകളില്‍ കാണാം.

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിച്ച ആഷിഖ് അബു ചിത്രം മായാനദിക്കു നേരേയും കഴിഞ്ഞ കുറേനാളുകളായി സൈബര്‍ ആക്രമണം നടക്കുകയായിരുന്നു. മമ്മൂട്ടി ചിത്രത്തേ പാര്‍വ്വതി വിമര്‍ശിക്കുമ്പോള്‍ വേദിയിലിരുന്നു ചിരിച്ച റിമാ കല്ലിങ്കലിന്റെ ഭര്‍ത്താവ് ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായതുകൊണ്ട് മായാനദി കാണില്ല എന്നായിരുന്നു അന്നത്തെ ഭീഷണി. എന്നാല്‍ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മായാനദി തിയേറ്ററുകളും സിനിമാ പ്രേമികളുടെ മനസ്സും കീഴടക്കുകയാണ്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വ്വതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്ക് നേരിടേണ്ടി വന്നത്.

പാര്‍വ്വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാര്‍വ്വതി തന്നെ രംഗത്തെത്തിയിരുന്നു.

പിന്നീട് ഈ ആക്രമണങ്ങള്‍ക്കെതിരെ പാര്‍വ്വതി നിയയമസഹായം തേടുകയും പാര്‍വ്വതിയുടെ പരാതിയെ തുടര്‍ന്ന് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook