കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചിന്റെ പേരില്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിക്കെതിരെയുള്ള ആരാധകരുടെ ആക്രമണം തുടരുന്നു. ഇത്തവണ മമ്മൂട്ടിയെ പേരെടുത്തു വിളിച്ചു എന്നു പറഞ്ഞാണ് പാര്‍വ്വതിയെ ആക്രമിക്കുന്നത്. ഒടുവില്‍ പോസ്റ്റില്‍ മമ്മൂട്ടി സര്‍ എന്നു പാര്‍വ്വതി തിരുത്തിയെഴുതി.

പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. മമ്മൂട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മമ്മൂട്ടിയെന്ന ഇത്രയും മുതിര്‍ന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ചത് പാര്‍വതിയുടെ അഹങ്കാരമാണ് എന്ന തരത്തിലാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകള്‍.

മൈ സ്റ്റോറിയുടെ ട്രൈലര്‍ പുറത്തുവിട്ടതിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജും ചിത്രത്തിന്റെ സംവിധായിക രോഷ്നി ദിനകറും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇവര്‍ മമ്മൂട്ടിയെ ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്തതെന്നും, പാര്‍വതി പേരെടുത്ത് വിളിച്ച് അപമാനിച്ചെന്നുമാണ് പാര്‍വതിയുടെ പോസ്റ്റിന് താഴെ ആരാധകര്‍ കമന്റായി കുറിക്കുന്നത്. കൂടാതെ അശ്ലീല കമന്റുകളും വരുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലർ പൃഥ്വിരാജും തന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ പൃഥ്വിരാജിന്റെ പോസ്റ്റുകൾക്ക് പതിനായിരക്കണക്കിന് ലൈക്കുകൾ കിട്ടുന്നിടത്ത്, മൈ സ്റ്റോറിക്ക് കിട്ടിയത് 7000ത്തിൽ താഴെ ലൈക്കുകൾ മാത്രമാണ്. മമ്മൂട്ടി നേരിട്ടു വന്നു പറഞ്ഞാലും പാർവ്വതിയുടെ ചിത്രം തിയേറ്ററിൽ പോയി കാണില്ലെന്നാണ് കമന്റുകൾ.

നേരത്തേ ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങിയപ്പോൾ യൂട്യൂബിൽ അൺലൈക്ക് ചെയ്തായിരുന്നു പാർവ്വതിയോടുള്ള അമർഷം തീർത്തിരുന്നത്. ചിത്രം തിയേറ്ററിൽ പോയി കാണില്ലെന്നും പരാജയപ്പെടുത്താൻ ശ്രമിക്കുമെന്നുമുള്ള ഭീഷണികളും ഉണ്ടായിരുന്നു. പൃഥ്വിരാജിനെ ഇഷ്ടമാണെങ്കിലും പാർവ്വതിയോടുള്ള അനിഷ്ടമാണ് തങ്ങൾ പ്രകടിപ്പിക്കുന്നതെന്നായിരുന്നു കമന്റുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ