കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയതായി നടി പരാതിയിൽ പറയുന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

Read More: മീശ താഴ്ന്നു പോകാതിരിക്കാന്‍ പിരിച്ചു പിരിച്ചു കയറ്റുന്നവര്‍

“പാർവ്വതിയുടെ പരാതി ഓൺലൈനായാണ് ലഭിച്ചത്. ഇതിൽ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയുടെ ലിങ്കുകളാണ് ഉള്ളത്. പക്ഷെ ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയുടെ ഔദ്യോഗിക മറുപടിക്കായി കത്തയക്കും. കേസിന്റെ അന്വേഷണ ചുമതല സൗത്ത് സിഐ സിബി ടോമിനാണ്. മറുപടി ലഭിച്ചാലുടൻ അദ്ദേഹത്തിന് കൈമാറും”, കൊച്ചി സിറ്റി സൈബർ സെൽ അറിയിച്ചു.

“പാർവ്വതിയുടെ പരാതി ലഭിച്ചിട്ടുണ്ട്. ഈ കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറേ യുആർഎല്ലാണ് അവർ നൽകിയിട്ടുള്ളത്. എല്ലാം വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അസഭ്യം പറയുന്നതുമാണ്. പക്ഷെ ഫെയ്സ്ബുക്ക്-ട്വിറ്റർ എന്നിവിടങ്ങളിൽ നിന്ന് ഈ അക്കൗണ്ടുകളുടെ ഉടമകളാരെന്ന് അറിയേണ്ടതുണ്ട്. അത് അറിഞ്ഞാലുടൻ അറസ്റ്റും മറ്റ് നടപടികളിലേക്കും പൊലീസ് കടക്കും”, എറണാകുളം സൗത്ത് സിഐ സിബി ടോം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പ്രതികരിച്ചു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്ന മുഖാമുഖത്തിലാണ് പാർവ്വതി മമ്മൂട്ടി ചിത്രമായ കസബയെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാർവ്വതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാർവ്വതിക്ക് നേരിടേണ്ടി വന്നത്.

പാർവ്വതി സംസാരിച്ച ഓപ്പണ്‍ ഫോറത്തിലെ ഭാഗം

പാർവ്വതി മമ്മൂട്ടിയെ ലക്ഷ്യം വച്ചും അപമാനിച്ചുമാണ് സംസാരിച്ചതെന്ന പേരില്‍ അവരെ കൂട്ടമായി സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചിരുന്നു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയിലെ ഏറ്റവും മികവുറ്റ നടന്മാരില്‍ ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിനും ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിനും ആരാധകരോടും നന്ദിയുണ്ടെന്ന് പറഞ്ഞ് പാർവ്വതി തന്നെ രംഗത്തെത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ