ലോക്‌ഡൗൺ കാലത്തും തിരക്കിലാണ് ഒരുകാലത്ത് മലയാള സിനിമാപ്രേക്ഷകരുടെ മാനസപുത്രിയായിരുന്ന ശ്യാമിലി. അഭിനയത്തിനൊപ്പം ചിത്രരചനയിലും താൽപ്പര്യമുള്ള ശ്യാമിലി പുതിയ ചിത്രങ്ങളുടെ പൂർത്തീകരണത്തിന് ഇടയിലാണ് ഇപ്പോൾ. തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയാണ് ശ്യാമിലി. “വീട്ടിലിരിക്കൂ, ക്രിയേറ്റീവ് ആവൂ, നിങ്ങളുടെ സ്കിൽ മിനുക്കിയെടുക്കൂ, നിങ്ങളുടെ ഏറ്റവും മികച്ച വേർഷനാക്കൂ, പാഷനെ പിന്തുടരുന്നത് നിർത്താതിരിക്കൂ,” എന്നാണ് ശ്യാമിലി കുറിക്കുന്നത്.
അടുത്തിടെ ബാംഗ്ലൂരിലെ ഒരു ആർട്ട് ഗ്യാലറിയിൽ ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം നടന്നതും വാർത്തയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു.
കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപര്യമുള്ള ശ്യാമിലി അഞ്ചു വർഷം നീണ്ട പഠനത്തിനൊടുവിലാണ് ഒരു എക്സിബിഷന്റെ ഭാഗമായിരിക്കുന്നത്. ‘Diverse Perceptions’ എന്ന പേരിൽ ബാംഗ്ലൂർ ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട് സ്പെയ്സിൽ സംഘടിപ്പിച്ച എക്സിബിഷനിലാണ് ശ്യാമിലി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.
ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.
ബാലതാരങ്ങളായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ശാലിനി പിന്നീട് ഒരിടവേളയ്ക്ക് ശേഷം നായികയായി സിനിമയിലേക്ക് തിരിച്ചെത്തുകയും നിരവധിയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. തമിഴ് താരം അജിത്തുമായുള്ള പ്രണയവിവാഹത്തിനു ശേഷം അഭിനയത്തിനോട് വിട പറഞ്ഞ് കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ശാലിനി ചേക്കേറിയതിനു ശേഷമാണ് അനിയത്തി ശ്യാമിലിയുടെ രണ്ടാം വരവ്. സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.
കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. രണ്ടാം വരവിൽ നാലോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാത്തതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.
Read more: മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും; കുട്ടിക്കാലചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി