റാം സംവിധാനം ചെയ്ത ‘പേരന്മ്പ്’ എന്ന ചിത്രം കണ്ടവര്‍ പറഞ്ഞതാണിത്. അച്ഛന് വേഷത്തില്‍ എത്തുന്ന മമ്മൂട്ടി കണ്ടവരുടെയെല്ലാം ഹൃദയം കീഴടക്കി എന്നാണു റിപ്പോര്‍ട്ടുകള്‍.
അച്ഛന് വേഷത്തില്‍ മമ്മൂട്ടി എത്തിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. അമരത്തിലെ കാഴ്ചയിലേയുമൊക്കെ അച്ഛനെ മമ്മൂട്ടിയോളം തന്മയത്വത്തോടെ മറ്റാര്‍ക്കെങ്കിലും അഭിനയിക്കാന്‍ കഴിയുമോ എന്നും സംശയമുണ്ട്. അത്തരത്തില്‍ മികച്ച ഒരു അച്ഛന് വേഷത്തില്‍ മമ്മൂട്ടി വേണ്ടും എത്തിയതിനെ അനുമോദിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍ തമിഴ് സിനിമാ ലോകം.
ധനഞ്ജയന് ഗോവിന്ദ് എന്ന ദേശീയ പുരസ്കാര ജേതാവായ എഴുത്തുകാരനും നിര്‍മ്മാതാവും ചിത്രത്തെക്കുറിച്ച് പറയുന്നതിങ്ങനെ.
“ഒരു പാട് നന്ദിയുണ്ട് മമ്മൂക്ക, റാമിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന്… ഉത്തരവാദിത്തമുള്ള ഒരു അച്ഛന്റെ വേഷത്തില്‍ നിങ്ങള്‍ കസറി. ഇത്രയും ഭംഗിയായി ഈ വേഷം ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കും എന്ന് തോന്നുന്നില്ല. ചിത്രം മുഴുവന്‍ കാണാന്‍ കാത്തിരിക്കുന്നു. ഈ ചിത്രം തമിഴ് സിനിമയുടെ യശസ്സുയര്‍ത്തുമെന്നതില്‍ സംശയമില്ല”
ചിത്രത്തിന്റെ മുപ്പതു മിനുട്ടുകളോളം താന്‍ കണ്ടുവെന്നും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രം വളരെ അര്‍ത്ഥവത്തായതാണ് എന്നും ധനഞ്ജയന് പറയുന്നു.
ഈ മാസം 27 ന് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആണ് ‘പേരന്‍മ്പി’ന്റെ ആദ്യ പ്രദര്‍ശനം. തമിഴ് സിനിമയ്ക്കായുള്ള പ്രത്യേക വിഭാഗമായ ‘ഫയറി’ലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ദേശീയ പുരസ്കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേരന്മ്പ്’. ആന്‍ഡ്റിയ, വസന്ത് രവി എന്നിവര്‍ അഭിനയിച്ച ചിത്രം ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയതാണ്. റാമിന്റെ സംവിധാനത്തില്‍ ഉള്ള ‘തങ്കമീന്‍കള്‍’ എന്ന ചിത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചത്.
മമ്മൂട്ടി വിദേശത്ത് ടാക്സി ഡ്രൈവറായ അച്ഛന് കഥാപാത്രത്തെ ചെയ്യുന്ന ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും. മലയാളത്തില്‍ ചിത്രത്തിന്റെ പേരെന്താണ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഞ്ജലി അമീര്‍, സാധന, സമുദ്രകനി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
‘പേരന്‍മ്പി’ന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2016ലാണ്. ട്രാൻസ്ജെൻഡര്‍ മോഡലായ അഞ്ജലി അമീര്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാകുന്നത്. മമ്മൂട്ടി തന്നെയായിരുന്നു അഞ്ജലി അമീറിന്റെ പേര് റാമിന് പറഞ്ഞുകൊടുക്കുന്നത്. ഒരു മാസികയില്‍ വന്ന അവരുടെ ചിത്രം കണ്ടിട്ടാണ് മമ്മൂട്ടി അഞ്ജലിയെ അറിയുന്നത്.
സ്ക്രീനില്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ ഇന്‍ഡസ്ട്രിയില്‍ സാമൂഹികമായൊരു മാറ്റം കൊണ്ടുവരുന്നതിന് മമ്മൂട്ടി എടുത്ത താൽപര്യം പ്രശംസനീയമാണ്.
‘പേരന്മ്പ്’ ഈ വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഹിവോസ് ടൈഗര്‍ പുരസ്കാരം നേടിയത് സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ‘സെക്സി ദുര്‍ഗ’യാണ്.