ക്രിക്കറ്റ് ഗ്രൗണ്ടിലെ പ്രകടനത്തിലൂടെ ഏവരുടെയും പ്രിയതാരമായ ധോണി ജീവതത്തിൽ പുതിയൊരു ഇന്നിങ്സിന് തുടക്കം കുറിക്കുന്നതായി റിപ്പോർട്ടുകൾ. ധോണി ഒരു സിനിമ നിർമ്മിക്കാനൊരുങ്ങുന്നുവെന്നാണ് സിനിമാ ലോകത്ത് നിന്നുളള റിപ്പോർട്ടുകൾ. ഇന്ത്യൻ ഹോക്കി താരമായ ധ്യാൻചന്ദിന്റെ ജീവിതം പറയുന്ന സിനിമ ധോണി നിർമ്മിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ എല്ലാ അവകാശവും ധോണി സ്വന്തമാക്കിയെന്നും ചിലപ്പോൾ അദ്ദേഹം ചിത്രം നിർമ്മിച്ചേക്കാമെന്നും ഡെക്കാൺ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ വിഷയത്തിൽ ധോണിയുടെ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കരൺ ജോഹറാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കഴിഞ്ഞ വർഷമാണ് ധ്യാൻചന്ദിന്റെ ജീവിതം സിനിമയാകാന്നുവെന്ന പ്രഖ്യാപനം വന്നത്. എന്നാൽ പിന്നീട് അതിനെ പറ്റി ഒന്നും കേട്ടിരുന്നില്ല. പുതിയ വിവരങ്ങളുനസരിച്ച് വരുൺ ധവാനാണ് ധ്യാൻ ചന്ദായെത്തുകയെന്നറിയുന്നു.

ഇതിന് മുൻപ് ധോണിയുടെ ജീവിതം സിനിമയായിരുന്നു. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ 2016ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. സിനിമയിൽ ധോണിയായെത്തിയത സുഷാന്ത് സിങ് രാജ്പുത്താണ്.

നിലവിൽ ഐപിഎൽ പത്താം സീസണിൽ കളിച്ചു കൊണ്ടിരിക്കുകയാണ് ധോണി. റൈസിങ് പുണെ സൂപ്പർജയന്റ്സിന്റെ താരമാണ് ധോണി. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിന് തൊട്ട് മുൻപ് ധോണിയെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് വൻ ചർച്ചകൾക്കിടയാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ