താൻ വീട്ടിൽ നിരീക്ഷണത്തിലാണെന്ന വാർത്തകളെ തളളി കമൽഹാസൻ. ആൽവാർപേട്ടിലെ കമൽഹാസന്റെ വീട്ടിൽ ഹോം ക്വാറന്റൈൻ സ്റ്റിക്കർ പതിപ്പിച്ചതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്.

”വീടിനു മുന്നിലെ നോട്ടീസ് കണ്ടതോടെയാണ് ഞാൻ ക്വാറന്റൈനിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഞാൻ കഴിഞ്ഞ ഏതാനും വർഷമായി അവിടെയല്ല താമസമെന്നും മക്കൾ നീതി മയ്യം പാർട്ടി ഓഫീസാണ് അവിടെ പ്രവർത്തിക്കുന്നതെന്നും നിങ്ങൾ പലർക്കും അറിയാം. ഞാൻ നിരീക്ഷണത്തിലാണെന്ന വാർത്തകൾ തെറ്റാണ്” കമൽഹാസൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

”മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. പൊതുജനങ്ങളും അത് ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. അതുപോലെ തന്നെ വാർത്തകൾ കൊടുക്കുന്നതിനു മുൻപ് അത് വ്യാജമാണോയെന്ന് വാർത്താ മാധ്യമങ്ങളും ഉറപ്പു വരുത്തണമെന്ന് ഞാൻ ആവശ്യപ്പെടുന്നു” കമൽ വ്യക്തമാക്കി.

ഏപ്രിൽ നാലുവരെ കമൽഹാസൻ നിരീക്ഷണത്തിലാണെന്നാണ് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലെ നോട്ടീസിൽ എഴുതിയിരിക്കുന്നത്. അടുത്തിടെ വിദേശ പര്യടനം നടത്തിയവരെ നിരീക്ഷിക്കുന്നതിനായി ഗ്രേറ്റർ ചെന്നൈ കോർപറേഷനാണ് ഇത്തരത്തിലുളള സ്റ്റിക്കറുകൾ പതിപ്പിച്ചത്.

അതേസമയം, ക്ലറിക്കൽ പിശകെന്നാണ് സംഭവത്തോട് സിറ്റി കോർപറേഷൻ പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ തയാറായതുമില്ല. കമലിന്റെ വസതിയിൽനിന്നും സ്റ്റിക്കർ പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.

Read Also: ലോക്ക്ഡൗൺ ദിനങ്ങളിൽ ഹൃത്വിക്കിനൊപ്പമുളള സൂസേന്റെ ജീവിതം

”നടി ഗൗതമിയാണ് അവരുടെ പാസ്‌പോർട്ടിലുളള അദ്ദേഹത്തിന്റെ അഡ്രസ് (ആൽവാർപേട്ടിലെ കമൽഹാസന്റെ ഓഫീസ് അഡ്രസ്) തന്നത്. ഗൗതമി അടുത്തിടെയാണ് ദുബായിൽനിന്നും എത്തിയത്. അതിനാലാണ് കോർപറേഷൻ അധികൃതർ അബദ്ധത്തിൽ ഹോം ക്വാറന്റൈൻ സ്റ്റിക്കർ പതിപ്പിച്ചത്. ഭാവിയിൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാതിരിക്കാൻ ലഭിച്ച വിലാസത്തിൽ വിദേശത്തുനിന്ന് എത്തിയവർ താമസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ചെന്നൈ കോർപറേഷൻ കമ്മിഷണർ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്” ചെന്നൈ കോർപറേഷൻ പബ്ലിക് റിലേഷൻ ഓഫീസർ നന്ദകുമാർ പറഞ്ഞു.

അതേസമയം, തന്റെ വസ്തുവകകൾ കോവിഡ്-19 ബാധിതർക്കായുളള ആശുപത്രിയാക്കി മാറ്റാമെന്ന് കമൽ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഇതിനുളള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read in English: Kamal Haasan: Not under quarantine for coronavirus, following social distancing

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook