കോവിഡ്‌ മഹാമാരി മൂലം പ്രതിസന്ധിയിലായ സിനിമാ വ്യവസായം കരകയറണമെങ്കില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കേരള ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ‘അമ്മ’ ഈ വിഷയം ചര്‍ച്ച ചെയ്യുകയും പ്രതിസന്ധി ഘട്ടത്തില്‍ നിര്‍മ്മാതാക്കളോടൊപ്പം നില്‍ക്കണം എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ചിത്രീകരണം ആരംഭിച്ച സിനിമകളില്‍ താരങ്ങള്‍ അഭിനയിക്കുന്നത് വിലക്കാന്‍ സാധിക്കില്ല എന്നും ‘അമ്മ’ ജൂലൈ 11ന് അംഗങ്ങള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതിനെക്കുറിച്ച് കത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങളില്ല. എന്നാല്‍, ‘ബന്ധപ്പെട്ട സംഘടനകള്‍ വേണ്ട നിയന്ത്രണങ്ങള്‍ ചര്‍ച്ചയിലൂടെ കൊണ്ട് വരട്ടെ’ എന്നും പറയുന്നുണ്ട്.

“കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ‘അമ്മ’യിലേക്ക് ഒരു കത്തു നൽകിയിരുന്നു. മലയാളസിനിമയിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും അവരോടൊപ്പം നിന്നിട്ടുള്ളവരാണ് ‘അമ്മ’യിലെ അംഗങ്ങൾ. മലയാള സിനിമയുടെ തുടർന്നുള്ള യാത്രയിലും അതേ സഹകരണം ഉണ്ടാകണമെന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു, അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ മാധ്യമവിചാരണകൾ ഒഴിവാക്കാനും അമ്മ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ലോക്ക്ഡൗണിനു ശേഷമുള്ള പുതിയ ചിത്രങ്ങളുടെ ചിത്രീകരണ സംബന്ധമായ വിഷയത്തിൽ അംഗങ്ങളുടെ ജോലി തടസ്സപ്പെടുത്തുവാൻ കഴിയില്ലെന്നും ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളിൽ വിളിച്ചാൽ അഭിനയിക്കാമെന്നും മാത്രമേ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘അമ്മ’യ്ക്ക് അംഗങ്ങളോട് നിർദ്ദേശിക്കുവാൻ കഴിയുകയുള്ളൂ. ഇതു സംബന്ധമായ തുടർതീരുമാനങ്ങളിൽ അമ്മയ്ക്ക് യാതൊരു റോളും ഇല്ലെന്നുള്ളത് തീർത്തും വാസ്തവമായ അവസ്ഥയിൽ, ആ ​ഘട്ടങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സംഘടനകൾ ആവശ്യമായ നിയന്ത്രണങ്ങൾ ചർച്ചകളിലൂടെ കൊണ്ടുവരട്ടെയെന്നുമാണ് ‘അമ്മ’ ഇപ്പോൾ ആഗ്രഹിക്കുന്നത്,” കത്തില്‍ പറയുന്നു.

AMMA, അമ്മ, Malayalam Actress, നടിമാര്‍, GENERAL BODY MEET, പൊതുയോഗം, PARVATHY, പാര്‍വതി, REVATHI, രേവതി

‘അമ്മ’ എക്സിക്യൂട്ടിവ് ഫയല്‍ ചിത്രം

പ്രതിഫലത്തിന്റെ കാര്യത്തില്‍ ‘അമ്മ’ ഒരു നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടില്ല എന്നും അത് അഭിനേതാക്കള്‍ക്ക് തീരുമാനിക്കാം എന്നാണു ഇപ്പോളുള്ള നിലപാട് എന്ന് ‘അമ്മ’ എക്സിക്യൂട്ടിവ് ഭാരവാഹി ടിനി ടോം പറഞ്ഞു.

“അംഗങ്ങളില്‍ പലരും അവരുടെ താത്പര്യ പ്രകാരം ശമ്പളം കുറയ്ക്കുകയോ വാങ്ങാതിരിക്കുകയോ ഒക്കെ ചെയ്ത സാഹചര്യങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. അതിലൊന്നും സംഘടന ഇടപെടാറില്ല. നിലവിലെ സാഹചര്യം, സാമ്പത്തിക സമ്മര്‍ദ്ദം ഇവയൊക്കെ കണക്കിലെടുത്ത് ഇടപെടണം എന്ന് അംഗങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് ഇപ്പോള്‍ ‘അമ്മ’ ചെയ്തിട്ടുളളത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook