കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചതിനെ തുടർന്നാണ് ശനിയാഴ്ചയാണ് ലതാ മങ്കേഷ്‌കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
“ലതാജി നിരീക്ഷണത്തിൽ തുടരുകയാണ്,” ലതാ മങ്കേഷ്‌കറിനെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തിന്റെ തലവൻ ഡോ.പ്രതിത് സംധാനി പറഞ്ഞു.
“ലതാജിയ്ക്ക് കോവിഡ് -19 ന് സ്ഥിരീകരിച്ചു, അവരുടെ പ്രായം കണക്കിലെടുത്ത് നിരന്തരമായ പരിചരണം ആവശ്യമുള്ളതിനാൽ ഐസിയുവിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ ഞങ്ങളെ ഉപദേശിച്ചു. ഞങ്ങൾക്ക് ഒരു അവസരം എടുക്കാൻ കഴിയുമായിരുന്നില്ല. ഒരു കുടുംബമെന്ന നിലയിൽ, അവർക്ക് ഏറ്റവും നല്ലത് ഞങ്ങൾ ആഗ്രഹിക്കുന്നു, ശരിയായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” ലതാമങ്കേഷ്കറുടെ പേരക്കുട്ടി രചന ഷാ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“ലതാജി ഉടൻ സുഖം പ്രാപിക്കൂ. നിങ്ങളുടെ നല്ല ആരോഗ്യത്തിനായി രാജ്യം മുഴുവൻ പ്രാർത്ഥിക്കുന്നു,” പാർലമെന്റ് അംഗം പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ കുറിച്ചു.
‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് രാജ്യം സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുന്ന ലതാ മങ്കേഷ്കർ 13-ാം വയസ്സിലാണ് തന്റെ സംഗീത സപര്യ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യൻ സംഗീതത്തിന്റെ മുഖച്ഛായ മാറ്റാനും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ അതുല്യ പ്രതിഭയ്ക്ക് സാധിച്ചു. 1942 മുതല്‍ ഇതുവരെയുള്ള കാലയളവിൽ, ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് സംഗീതപ്രേമികളെ വിസ്മയിക്കുകയാണ് ലത മങ്കേഷ്കർ.