തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK 2020) നീട്ടിവെച്ചേക്കുമെന്ന് സൂചന. നിലവിലെ സാഹചര്യം നോക്കുമ്പോൾ ഡിസംബറിൽ ഐഎഫ്എഫ്കെ നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നാണ് അക്കാദമി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്.
എല്ലാവർഷവും ജൂലൈ ആദ്യവാരത്തോടെ തന്നെ അതാത് വർഷത്തെ മേളയ്ക്കുള്ള സിനിമകൾ ക്ഷണിച്ചു തുടങ്ങാറുണ്ട്. അപേക്ഷാ പ്രക്രിയ ആഗസ്തോടെ പൂർത്തിയാക്കി, സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി സ്ക്രീനിംഗ് നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമകൾ ക്ഷണിക്കുന്ന ജോലികൾ പോലും ഇതുവരെ നടന്നിട്ടില്ല. അതിനാൽ തന്നെ ചലച്ചിത്രമേളയുട ഒരുക്കങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമോ എന്ന കാര്യത്തിലും സംശയമാണ്.
സ്ക്രീനിംഗ് നടത്തുക, വിദേശത്തുനിന്ന് ജൂറി അംഗങ്ങളെ മേളയ്ക്കായി എത്തിക്കുക തുടങ്ങിയ കാര്യങ്ങളും ഇപ്പോഴത്തെ സാഹചര്യത്തിൽ വെല്ലുവിളി നിറഞ്ഞതാണ്. അതിനാൽ തന്നെ കോവിഡ് ഭീതി ഒഴിഞ്ഞ്, തിയേറ്ററുകൾ സാധാരണനിലയിൽ പ്രവർത്തിച്ചു തുടങ്ങിയതിനു ശേഷമാവും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത ഉണ്ടാവുക.
Read more: മമ്മൂട്ടി, ടോവിനോ ചിത്രങ്ങള്‍ ഒടിടി റിലീസിലേക്ക്?