തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിനായുള്ള യൂത്ത് ഡിഫന്‍സ് ഫോഴ്സിന്റെ ഭാഗമാകാന്‍ തയാറെടുത്ത് ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി എന്നിവര്‍. ഇവര്‍ ഉള്‍പ്പെടെ 1465 പേരാണു കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചത്.
സംസ്ഥാന യുവജന കമ്മിഷന്‍ സജ്ജമാക്കുന്ന സന്നദ്ധയിലേക്ക് അയ്യായിരത്തിലധികം പേരാണ് ഒറ്റദിവസം കൊണ്ട് റജിസ്റ്റര്‍ ചെയ്തത്. മൂവായിരത്തിലധികം പേര്‍ കൂട്ടിരിപ്പ് ഒഴികെയുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയാറാണ്.
സന്നദ്ധപ്രവര്‍ത്തനത്തിന് യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണു യൂത്ത് ഡിഫന്‍സ് ഫോഴ്സിലേക്ക് യുവജന കമ്മിഷന്‍ ആളുകളെ വെബ്സൈറ്റിലൂടെ ക്ഷണിച്ചത്. രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക, കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം യുവജനകാര്യ മന്ത്രി ഇപി ജയരാജനു കൈമാറി.
കൂട്ടിരിപ്പിനു തയാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി അറിയിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ‘സന്നദ്ധം’ sannadham.kerala.gov.in എന്ന വെബ് പോർട്ടൽ വഴി സേനയിൽ അംഗമാവാം. വെബ് പോർട്ടലിന്റെ ഹോം പേജിൽ ഇതിനായി രജിസ്ട്രർ ചെയ്യുന്നതിനുള്ള ലിങ്ക് കാണാം.
ഇതിൽ ക്ലിക്ക് ചെയ്ത് പേരും ഫോൺ നമ്പറും അടക്കമുള്ള വിവരങ്ങൾ ചേർത്ത് വളണ്ടിയറായി രജിസ്ട്രർ ചെയ്യാവുന്നതാണ്. എന്തൊക്കെ സഹായങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ചെയ്യാൻ കഴിയുക എന്ന കാര്യവും രേഖപ്പെടുത്തണം. 2 എംബിയിൽ കുറഞ്ഞ ഫോട്ടോഗ്രാഫ്, തിരിച്ചറിയൽ രേഖയുടെ കോപ്പി എന്നിവയും അപ് ലോഡ് ചെയ്യേണ്ടതാണ്. സന്നദ്ധ പ്രവർത്തകരുടെ പട്ടിക വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു കമ്മിഷന്‍ പുസ്തക കിറ്റ് എത്തിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.