കൊറോണക്കാലം ഒറ്റപ്പെടലിന്റേത് കൂടിയാണ്. സാമൂഹിക അകലം പാലിച്ചും യാത്രകള്‍ ഒഴിവാക്കിയും വീട്ടില്‍ തന്നെ കഴിയുക എന്നതാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. അതിനുതകാന്‍ വേണ്ടിയാണ് രാജ്യം ലോക്ക്ഡൗണിലേക്ക് പോയത്. അങ്ങനെ ഇത് വരെ പരിചയമില്ലാതെ ഒരു ജീവിത ശൈലിയും ദിനചര്യയുമൊക്കെ നമുക്ക് കൈവന്നു. എങ്ങനെയാണ് ഈ ദിനങ്ങളെ ഒരോരുത്തരും നേരിടുന്നത് എന്ന അന്വേഷണങ്ങള്‍ നല്‍കുന്ന ഉള്‍ക്കാഴ്ചകള്‍ വൈവിധ്യങ്ങളാര്‍ന്നതാണ്. ‘ലോക്ക്ഡൗണ്‍ സംഭാഷണ’ പരമ്പരയില്‍
മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ അനുഭവങ്ങളും ആലോചനകളും പങ്കു വയ്ക്കുന്നു.

“ലോക്ക്ഡൗണ്‍ അല്ലെങ്കിൽ തന്നെ ഞാൻ തനിയെ കഴിയുന്ന ഒരാളാണ്,” ഭാര്യ സുനന്ദയുടെ മരണത്തിനു ശേഷം തിരുവനന്തപുരത്തെ ‘ദര്‍ശന’ത്തില്‍ ഏകാന്ത ജീവിതം നയിക്കുന്ന അടൂര്‍ പറഞ്ഞു തുടങ്ങി.

“ഈ ലോക്ക്ഡൗണ്‍ കാലം എന്ന് പറയുന്നത് നമുക്ക് മാത്രം അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥയല്ലല്ലോ, ലോകം മുഴുവൻ അനുഭവിക്കുന്ന ഒന്നാണല്ലോ. അതു കൊണ്ട് തന്നെ ഞാനിതിനെ ഒരു അസൗകര്യമായി കാണാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ചില വിഷമങ്ങളുണ്ട്. ഉദാഹരണം പറഞ്ഞാൽ രവി വള്ളത്തോൾ കഴിഞ്ഞ ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോവാൻ സാധിച്ചില്ല എന്നുള്ളത് വിഷമമുണ്ടാക്കിയ കാര്യമാണ്.”

കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ ഇളവുകൾ എങ്ങനെയൊക്കെ നടപ്പാക്കാം എന്ന് വിശദമായി പഠിച്ചു നിർദേശങ്ങൾ നല്‍കാനായി
കേരള സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ കമ്മിറ്റിയിൽ അടൂരും ഉള്‍പ്പെട്ടിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാമിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പതിനേഴു അംഗ കമ്മിറ്റി, ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണം എന്ന ആശയമാണ് പ്രധാനമായും മുന്നോട്ടു വെച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് അടൂരിന്റെ വാക്കുകള്‍ ഇങ്ങനെ.

“കമ്മിറ്റിയിലുള്ളവരെല്ലാം അവരവരുടെ അഭിപ്രായങ്ങൾ എഴുതി ഇ-മെയിൽ വഴിയാണ് തമ്മിൽ ആശയവിന്മയം നടത്തിയത്. അതിന്റെ പൂർണമായ റിപ്പോർട്ട് തയാറാക്കിയത് കെ എം എബ്രഹാമാണ്. നമ്മൾ എന്ത് റിപ്പോർട്ടു കൊടുത്താലും കേന്ദ്ര സർക്കാർ എടുക്കുന്ന പോളിസി അനുസരിച്ചു മാത്രമേ ഇതിന്റെ തുടർനടപടികൾ എന്തൊക്കെയാണെന്നുള്ളത് ചെയ്യാൻ കഴിയുകയുള്ളു. കേരളത്തിന് മാത്രമായി ഒരു പോളിസി നടപ്പാക്കാൻ ഈ അവസരത്തിൽ കഴിയില്ല,” അദ്ദേഹം വ്യക്തമാക്കി.

ഘട്ടം ഘട്ടമായി ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ട് വരണമെന്ന് നിർദേശിച്ച കമ്മിറ്റി എടുത്ത് പറഞ്ഞത്, ദിവസവേതനത്തിനു ജോലി ചെയ്യുന്നവര്‍, ചെറുകിടക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് പരിരക്ഷ നല്‍കണം എന്നതാണ്.

“അന്നന്നത്തെ ജോലി ചെയ്തു ജീവിക്കുന്ന ഒരു വല്യ സമൂഹം ഇവിടെയുണ്ട്, പിന്നെ ചെറിയ കച്ചവടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ, അങ്ങനെയുള്ള ആളുകളെയാണ് ഈ അവസ്ഥ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്. അവർക്കു തൊഴിലും, വരുമാനവുമൊക്കെ ഈ ലോക്ക്ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്. അവരെ കാര്യമായിട്ട് പരിഗണിക്കണമെന്നുള്ളതായിരുന്നു ഒരു പ്രധാനപ്പെട്ട നിർദേശം. അതിനു ഇപ്പോൾ ഗവണ്മെന്റ് പ്രത്യേകം ഗ്രാൻഡും, പാക്കേജുമെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാർ പട്ടിണി കിടക്കുന്നില്ലെന്നു ഉറപ്പു വരുത്താനായുള്ള നടപടികൾ സർക്കാർ നോക്കുന്നുണ്ട്, പുറത്തു നിന്ന് വന്ന തൊഴിലാളികളുടെ കാര്യത്തിൽ സർക്കാർ കരുതൽ കാണിക്കുന്നുണ്ട്, അതു കൊണ്ടു ഇന്ത്യയിൽ വേറൊരിടത്തും കാണാൻ കഴിയാത്ത രീതിയിലുള്ള മനുഷ്യത്വപരമായ ഇടപെടൽ കേരള സർക്കാർ ഈ സമയത്ത് നടത്തുന്നുണ്ട്,” അടൂര്‍ അഭിപ്രായപ്പെട്ടു.

പൊതുവില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോഴും പ്രായം ചെന്നവരെ കർശനമായും ക്വാറന്റൈനിൽ തന്നെ നിലനിർത്തണം, അത്തരക്കാർ വീടുകൾക്ക് പുറത്തു പോകുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം എന്നും പറയുന്ന സാഹചര്യത്തില്‍ പ്രായമുള്ളവരെ
കൂടുതല്‍ ഒറ്റപ്പെടുത്തുന്നു എന്ന ധാര്‍മിക പ്രശ്നം കൂടി വരുന്നില്ലേ എന്ന വാദത്തിന് അടൂരിന്റെ മറുപടി ഇങ്ങനെ.

“ഒന്നാമതായി ഈ രോഗത്തിന്റെ പ്രശ്നം പ്രായമല്ല. അവരുടെ പ്രതിരോധ ശക്തി വേറെ പല കാരണങ്ങളാൽ കുറവാണെങ്കിലാണ് അവരെ കൂടുതലായി സംരക്ഷിക്കേണ്ടി വരുന്നത്. പ്രായം തീർച്ചയായും പ്രധാനമാണ്, പക്ഷേ അത് മാത്രമല്ല ഇവിടെ വിഷയം, കൊറോണ വന്നു ചെറുപ്പക്കാർ മരിക്കുന്ന വാർത്തയും നമ്മൾ കാണുന്നുണ്ട്. പ്രായാധിക്യം മൂലം രോഗപ്രതിരോധ ശേഷിയിൽ ഉണ്ടാവുന്ന കുറവാണു പ്രധാനമായും പ്രശ്നം. വൃദ്ധരെ മാത്രം ക്വാറന്റൈന്‍ ചെയ്യുന്നതിൽ അർത്ഥമില്ല, എന്നാൽ പ്രായം ചെന്നവർ ഈ രോഗത്തിന് കൂടുതൽ കീഴ്പ്പെടാൻ സാധ്യത ഉണ്ടെന്നുള്ളത് അവർക്കു കൂടുതൽ കരുതൽ കൊടുക്കേണ്ട ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിൽ നമ്മൾ ധാര്‍മികതയേക്കാള്‍ അവരുടെ ജീവനാണ് വിലകല്പിക്കേണ്ടത്. അതുകൊണ്ടു അവരെ ഒറ്റപെടുത്തണമെന്നല്ല നമ്മൾ പറയുന്നത്, അവർക്കു കൂടുതൽ ശ്രദ്ധ കൊടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook