Karwaan Release:   ‘കാര്‍വാ’ കേരളത്തില്‍ നാളെ തന്നെ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന് മലയാള ചലച്ചിത്രം ‘ഏദനു’മായി സാമ്യതകളുണ്ട് എന്ന  ആരോപണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ തന്നെ വ്യക്തമാക്കിയത്.  കേരളത്തില്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ ലിസ്റ്റും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.

 

 

എസ്.ഹരീഷിന്റെ നാല് ചെറു കഥകള്‍ കോര്‍ത്തിണക്കിയ തന്റെ ചിത്രമായ ‘ഏദനു’മായി ‘കാര്‍വാ’യ്ക്ക് സാമ്യതകള്‍ ഉണ്ട് എന്ന് കാണിച്ചു സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍  തൃശ്ശൂര്‍ ജില്ലാ കോടതില്‍ കേസ് ഫയല്‍ ചെയ്തു.  കഥാപാത്രങ്ങള്‍, ലൊക്കേഷന്‍, ട്രീറ്റ്‌മെന്റ്, സെറ്റിങ് എന്നിവയിലുള്ള സാമ്യതകള്‍ ശ്രദ്ധയില്‍ പെട്ടതാണ് പരാതിയുടെ അടിസ്ഥാനം എന്ന് സഞ്ജു സുരേന്ദ്രന്റെ വാദത്തില്‍ പറയുന്നു.  ഇതേത്തുടർന്ന് ഓഗസ്റ്റ്‌ 1ന് ജില്ലാ കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞു കൊണ്ടുള്ള ഉത്തരവിറക്കി.  പ്രഥമദൃഷ്ടിയാല്‍ സാമ്യതകളുണ്ട് എന്ന് നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്‍റെ പ്രദർശനം തടഞ്ഞതായാണ് ജസ്റ്റിസ് മധുകുമാർ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

Read More: ബോളിവുഡിലും താരമായി ദുല്‍ഖര്‍

ദുല്‍ഖറിന്റെ ബോളിവുഡ് എന്‍ട്രിയാണ് ‘കാര്‍വാ’. ദുല്‍ഖറിന് പുറമെ ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.  ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോണി സ്ക്രൂവാല, പ്രീതി രതി ഗുപ്ത (ആര്‍എസ്‌വിപി മൂവീസ്) എന്നിവര്‍ ചേര്‍ന്നാണ്. ഹുസൈന്‍ ദലാല്‍ സംഭാഷണങ്ങള്‍ രചിച്ചിട്ടുള്ള ‘കാര്‍വാ’യുടെ കഥ ബിജോയ് നമ്പ്യാരുടെതാണ്. മലയാളിയായ ബിജോയ് നമ്പ്യാര്‍ ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനാണ്.  അദ്ദേഹം ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ചിതം ‘സോളോ’യില്‍ ദുല്‍ഖറായിരുന്നു നായകന്‍.

ഒരു ഡെഡ് ബോഡിയുമായി ഒരു വണ്ടിയില്‍ സഞ്ചരിക്കേണ്ടി വരുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്.  കേരളത്തിലും ചിത്രം ഷൂട്ട് ചെയ്തിരുന്നു.

നിരവധി ചലച്ചിത്ര മേളയിലടക്കം പ്രദര്‍ശിപ്പിക്കുകയും 2017ലെ കേരള രാജ്യാന്താര ചലച്ചിത്ര മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രവുമാണ് ‘ഏദന്‍’. അഭിലാഷ് നായര്‍, നന്ദിനി ശ്രീ, പ്രശാന്ത്.എം തുടങ്ങിയവരാണ് ‘ഏദനി’ല്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും സഞ്ജു സുരേന്ദ്രന് ലഭിച്ചിരുന്നു.

Read More: ഏദനിലേയ്ക്കുളള വഴി: എസ്.ഹരീഷ് എഴുതുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook